രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ഏഴുജില്ലകളിലൂടെ കടന്നുപോകും

27

തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ഏഴു ജില്ലകളി ലൂടെ കടന്നുപോകും. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് നിലമ്പൂർ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര യാത്ര കടന്നുപോകാത്ത ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.

‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം ‘ എന്ന മുദ്രാവാക്യം ഉയർത്തി സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിർത്തിയായ പാറശാല ചേരുവരകോണത്തെത്തും. യാത്രയ്ക്ക് വൻ സ്വീകരണമാണ് കെപിസിസി ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കുന്ന പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർത്തിയായി. വാദ്യമേളം , കേരളീയ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാറശാലയിൽ രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തിൽ നിന്നുള്ള പദയാത്രികരും യാത്രയ്ക്കൊപ്പം അണിചേരും.

സെപ്റ്റംബർ 11-ന് രാവിലെ ഏഴിന് പാറശാലയിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, അടൂർ പ്രകാശ്, എം വിൻസന്റ് എംഎൽഎ. ഡിസിസി പ്രസിഡന്റ് പാലോട് രവി. എംപിമാർ എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കന്യാകുമാരി മുതൽ യാത്രയെ അനുഗമിക്കുന്നുണ്ട്.

NO COMMENTS