പുതപ്പില്‍ പുതഞ്ഞ് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച്‌ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്

176

ആലുവ: പെരിയാറില്‍ മംഗലപ്പുഴ വിദ്യാഭവന്‍ സെമിനാരിയുടെ കടവില്‍ പുതപ്പില്‍ പുതഞ്ഞ് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച്‌ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടേത്. കൊലപാതകമാണെന്ന് വ്യക്തമായ സൂചനകളും പൊലീസ് ലഭിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്മാര്‍ട്ടം നടത്തി.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും രാത്രിയായതിനാല്‍ പൊലീസ് കരയ്ക്കെടുത്തിരുന്നില്ല. ഇന്നലെ രാവിലെ മൃതദേഹം കരയ്ക്കെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് യുവതിയാണെന്ന് വ്യക്തമായത്. കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ തള്ളിയതെന്നാണ് സൂചന. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

30നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിക്ക് വെളുത്ത് തടിച്ച ശരീരമാണ്. 154 സെന്റിമീറ്റര്‍ ഉയരമുണ്ട്. ലെഗിന്‍സും ടീ ഷര്‍ട്ടുമാണ് വേഷം. വായില്‍ തുണി തിരുകിയ നിലയിലാണ്.കൊലപ്പെടുത്തിയ ശേഷമോ അബാധവസ്ഥയിലോ ആകാം മൃതദേഹം പുഴയില്‍ തള്ളിയതെന്ന് കരുതുന്നു. രണ്ട് കാലുകളും വളഞ്ഞ നി​ലയി​ലാണ്. അബോധാവസ്ഥയില്‍ വാഹനത്തില്‍ എത്തിച്ച ശേഷം മംഗലപ്പുഴ പാലത്തില്‍ നിന്നും പെരിയാറിലേക്ക് എറിഞ്ഞതാകാനും സാധ്യതയുണ്ട്.

ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഒരാഴ്ചക്കിടെ കാണാതായ യുവതികളുടെ ലിസ്റ്റ് പൊലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നും കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.മൃതദേഹം ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്‍ നായര്‍, ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ്, എസ്.ഐ എം.എസ്. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

NO COMMENTS