തിരുവനന്തപുരം: മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തി ലാണ് തിരുവനന്തപുരത്ത് 10 വര്‍ഷം മുമ്പ് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കല്ലറ തുറന്ന് പരിശോധിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും. കോടതിയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോര്‍ട്ടം.
ക്രൈംബ്രാഞ്ചിന്റെയും ആര്‍ഡിഒയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുക. ഭരതന്നൂര്‍ ഗവ. എച്ച്‌എസ്‌എസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയെ 2009 ഏപ്രില്‍ അഞ്ചിനാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഡി എന്‍ എ പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മരണത്തിന് മുമ്പ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് രക്തക്കറയും ബിജത്തിന്റെ അംശവും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുതേടിയാണ് ക്രൈംബ്രാഞ്ച് കല്ലറ തുറക്കുന്നത്. കുട്ടിയുടെ അരയ്ക്ക് താഴെയുള്ള അസ്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നും അന്വേഷണ സംഘം ഇന്ന് പരിശോധിക്കും.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസ് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ കുട്ടിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടി വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടിയുടേത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയുടെ മരണത്തിന് തുമ്ബുണ്ടാക്കാനായില്ല. കൂടത്തായിയിലെ മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തും മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്.