സിനിമാതാരം സിദ്ദിഖ് രചിച്ച ‘അഭിനയമറിയാതെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ നടന്നു

173

ഷാര്‍ജ : ഷാര്‍ജ പുസ്തകമേളയില്‍ സിനിമാതാരം സിദ്ദിഖ് രചിച്ച ‘അഭിനയമറിയാതെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും കണ്ടുമുട്ടിയ വ്യക്തികളും സംഭവങ്ങളുമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.

പുസ്തകമെഴുതിക്കൂടേയെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ എഴുതാന്‍ തക്കവണ്ണമുള്ള അനുഭവങ്ങള്‍ തനിക്കുണ്ടെന്ന് കരുതിയിട്ടില്ല. പക്ഷേ ‘അഭിനയമറിയാതെ’ എന്ന പുസ്തകമെഴുതിയ അവസരത്തിലാണ് എഴുതാന്‍ തനിക്ക് ധാരാളം കാര്യങ്ങളുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഇനിയും പുസ്തകമെഴുതാന്‍ തനിക്ക് ആഗ്രഹമുണ്ട് ഒരു പ്രേമ ലേഖനമെങ്കിലും എഴുതണമെന്നും, നന്നായി വായിക്കണമെന്നും സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു.തൻറെ അനുകരണകലയോടും സിനിമാഭിനയത്തോടും പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തന്നെ കാണാനായിരുന്നു പിതാവിന് ആഗ്രഹം. സിനിമാതാരമെന്ന നിലയില്‍ ആഢംബരജീവിതം നയിക്കാന്‍ തനിക്ക് താത്പര്യമില്ല.

സാധാരണക്കാരോടൊത്ത് ഇടപഴകാനാണ് താത്പര്യം. മലയാളസിനിമയില്‍ തന്റെ സ്ഥാനം മറ്റു പലരേയും കാള്‍ താഴെ യാണെന്ന ബോധ്യമുണ്ട്. മോഹിച്ചതിനേക്കാള്‍ ഉയരത്തിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉപ്പയുടെ മുന്നിലാണ് ആദ്യത്തെ മിമിക്രി കാണിച്ചത്. ആരേയും അനുകരിച്ച്‌ പരിഹസിക്കരുതെന്ന് ഉപ്പ പറഞ്ഞു. പ്രവാസികള്‍ എന്നും പ്രവാസികളായിത്തന്നെ തുടരാനാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് നര്‍മ്മത്തില്‍ ചാലിച്ച്‌ സിദ്ദിഖ് പറഞ്ഞു.

പ്രവാസികളുടെ പണമാണ് കേരളത്തെ ചലിപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് പ്രവാസമലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ബംഗാളികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. താന്‍ ഒന്നിനും മുന്‍കൂട്ടി പദ്ധതിയിടാറില്ല. സിനിമയില്‍ പരാജയപ്പെട്ടി രുന്നെങ്കില്‍ അവസരമന്വേഷിച്ച്‌ തുടര്‍ന്നും നടക്കുമായിരുന്നു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകന്‍ എന്ന നിലയില്‍ പ്രശംസ ലഭിച്ചത് താന്‍ നല്ലൊരു കേള്‍വിക്കാരനായതിനാലാകാമെന്ന് സിദ്ദിഖ് പറഞ്ഞു.

ചെറിയ ചോദ്യങ്ങള്‍ ചോദിച്ച്‌ വലിയ മറുപടികള്‍ സൃഷ്ടിക്കുകയാണ് നല്ല അവതാരകന്‍ ചെയ്യേണ്ടത്. അഭിനയിക്കാനറിയില്ലെന്ന് സ്വയം തോന്നിയ നിമിഷങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. താനൊരു ബോണ്‍ ആക്ടറല്ല, ഡെവലപ്പ്ഡ് ആക്ടര്‍ ആണ്. മെതേഡ് ആക്ടര്‍ ആയി മാറാനാണ് ആഗ്രഹം. സിനിമയില്‍ മദ്യപാനരംഗങ്ങള്‍ കൂടുതലായി കാണുന്നത്, സമൂഹത്തിന്റെ പ്രതിഫലനമെന്ന നിലയില്‍ കണ്ടാല്‍ മതി. സോഷ്യല്‍ മീഡിയയില്‍ നെഗറ്റിവിറ്റിക്ക് കൂടുതല്‍ സ്ഥാനം കിട്ടുന്നത്, ആളുകള്‍ പൊതുവെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താന്‍ എപ്പോഴും ശ്രമിക്കുന്നതുകൊണ്ടാണ്.

റേഡിയോ അവതാരക തന്‍സി ഹാഷിര്‍ സംവാദത്തില്‍ മോഡറേറ്ററായിരുന്നു. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘അഭിനയമറിയാതെ’യുടെ ആദ്യപ്രതി എഴുത്തുകാരന്‍ കെ ബി.മോഹന്‍കുമാറില്‍ നിന്ന് സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഏറ്റുവാങ്ങി. ബഷീര്‍ തിക്കൊടി, സുരേഷ് കുമാര്‍, എ.കെ. ഫൈസല്‍, ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍ എന്നിവര്‍ സംസാരിച്ചു. സി.എം.ചേന്ദമംഗലം സ്വാഗതം പറഞ്ഞു

NO COMMENTS