മറ്റെവിടെയും കാണാത്ത സംസ്‌കാര വൈവിധ്യത്തിന്റെ മാതൃകയാണ് കാസര്‍കോട്. ജനജീവതത്തോട് ഇഴുകി ച്ചേര്‍ന്ന ആചാര, അനുഷ്ഠാനങ്ങളോടൊപ്പം കലകളും നിറഞ്ഞ നാട്. തുളുനാടന്‍ മലയിറങ്ങി ഉത്തര മലബാറില്‍ ആകെ വ്യാപിച്ച തെയ്യങ്ങള്‍ മുതല്‍ കാസര്‍കോടിന് മാത്രം അവകാശപ്പെടാവുന്ന മംഗലം കളിയും അലാമിക്കളിയും നാഗമണ്ടലയും മുഖ്യധാരയില്‍ ഇനിയും പേര് അടയാളപ്പെടുത്താത്ത പിന്നേയും ഏറെ കലാരൂപങ്ങളും സംഗമി ക്കുന്ന തുളുനാട്. അത്യുത്തര മലബാറിന് മാത്രം അവകാശപ്പെടാവുന്ന പൂരക്കളി ഇന്ന് കലോത്സവ വേദികളിലെ മുഖ്യ ആകര്‍ഷണമാണ്.
മെയ് വഴക്കവും അടവുകളും മറ്റ് പ്രകടനങ്ങളും ചേര്‍ന്ന് ആസ്വാദകനെ ഹരം കൊള്ളിക്കുന്ന പൂരക്കളി മത്സരത്തില്‍ എന്നും ഒന്നാം സ്ഥാനം കാസര്‍കോടിന്റെ കുട്ടികള്‍ക്ക് തന്നെയാണ്. അനുഷ്ഠാനമായി ഒതുങ്ങിപ്പോയേക്കാവുന്ന ഒരു കലാരൂപത്തെ കേരളം മുഴവന്‍ അറിയിക്കാനും മത്സരത്തിനെങ്കിലും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പഠിക്കാനും കലോത്സവത്തില്‍ ഇനം ചേര്‍ത്ത ശേഷമാണ് സാധിച്ചത്.
സംഘകാലം മുതല്‍ നിലവിലുള്ള കലാരൂപമാണ് പൂരക്കളിയെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ചന്ദ്രഗിരി മുതല്‍ വളപട്ടണം പുഴവരെയുള്ള ജനതയാണ് കേരളത്തില്‍ പൂരോത്സവം ആഘോഷിക്കുന്നത്. ഈ പൂരാഘോഷത്തിന്റെ ഭാഗമാണ് പൂരക്കളി. വിവിധ സംസ്‌കാരങ്ങളുടെ സമന്വയം പൂരക്കളിയില്‍ കാണാനാകും. സംഘ കാല മതങ്ങളുടെ സ്വാധീനം ഇതിലുണ്ട്. ശൈവ-വൈഷ്ണവ മതങ്ങളുടെ സ്വാധിനമാണ് ഇന്ന് കൂടുതലായി കാണാന്‍ കഴിയുക. ഇക്കാരണത്താല്‍ പൂരക്കളിയെ ശങ്കരനാരായണീയം എന്ന് വിശേഷിപ്പിക്കറുണ്ട്. ചൈത്രമാസത്തിലെ വെളുത്ത ത്രയോദശിയാണ്.
മഹാവീരന്റെ ജന്മദിനം. കാമജിത്തായ മഹാവീരന്റെ ജയന്തിയുമായി ബന്ധം ജൈനസംസ്‌കാരവുമായുള്ള ബന്ധമാണ്. പൂരക്കളിയിലെ പള്ള് എന്ന രംഗം കാര്‍ഷികവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കന്‍മേഖലയിലെ പുറപ്പന്തലിലെ കളി സമാപിക്കുന്നത് മാപ്പിളപ്പാട്ടുകള്‍ പാടിക്കൊണ്ടാണെന്നത് ഈ കളിയെ മറ്റു സംസ്‌കാരങ്ങളുമായി ബന്ധിപ്പിക്കുന്നു.
പൂരക്കളിയെ കലയുടെ കൂട്ടത്തിലാണോ, അതോ കളികള്‍ക്കൊപ്പം ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ഇന്നും സംശയം നിലനില്‍ക്കുന്നുണ്ട്. കാരണം ഇതില്‍ കലയും കളിയും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. നിലവില്‍ നാടന്‍ കലകളോടൊപ്പമാണ് പൂരക്കളി ചേര്‍ത്തിരിക്കുന്നത്. ഒരു ക്ലാസിക് കല എന്ന പദവിയും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. പൂരമാല, വന്‍കളി, ആട്ടം, തൊഴുതുകളി എന്നിങ്ങനെ പൂരക്കളിയെ പ്രധാനമായും നാലായി തിരിക്കാം. പൂരമാലയും വന്‍കളിയുമാണ് പൂരക്കളിയിലെ ആകര്‍ഷകമായ ഇനങ്ങള്‍. പാട്ടിന് അനുസരിച്ചുള്ള ചുവടു വെപ്പുകളും അംഗക്രിയകളുമാണ് പൂരക്കളിയിലുള്ളത്. നേര്‍ക്കളി, ചാഞ്ഞുകളി, ഇരുന്നുകളി, മറിഞ്ഞുകളി, ചാടിക്കളി തുടങ്ങി വിവിധ തരം കളികളുണ്ട്.
കളരി സംസ്‌കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമുണ്ട്.പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്‌കാരത്തില്‍ നിന്നാവണം ഉള്‍ക്കൊണ്ടതെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ശാരീരികമായ അഭ്യാസം സിദ്ധി ച്ചവര്‍ക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങള്‍ ആടുവാന്‍ സാധിക്കുകയുള്ളൂ. കളരിയിലൂടെ ലഭിക്കുന്ന മെയ്വഴക്കം പൂരക്കളിയില്‍ അനിഷേധ്യമായ ഘടകമാണ്. കളരിയില്‍ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമായാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാല്‍ കെട്ടലും. വന്‍കളിയൊക്കെ അവതരിപ്പിക്കണമെങ്കില്‍ ശരിയായ മെയ്വഴക്കം കൂടിയേ തീരൂ. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കല്‍ നിന്നും കളിക്കാര്‍ മെയ്വഴക്കത്തിനുള്ള പരിശീലനം നേടണം.
വന്‍കളികള്‍ക്ക് മുമ്പായി സ്ഥാനത്ത് നിന്ന് എണ്ണ കൊടുക്കല്‍ ചടങ്ങ് തന്നെയുണ്ട്. ഈ എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കണം.ഈ രീതി കളരി അഭ്യാസിയുടെ മെഴുക്കിടലിനോട് സമാനമായ കര്‍മ്മമാണ്. കലയുടെ കളിവിളക്ക് തെളിയുമ്പോള്‍ നാടിന്റെ തനത് കലയായ പൂരക്കളിയും അരങ്ങിലെത്തും. മറ്റ് പതിമൂന്ന് ജില്ലകളിലേയും വിദ്യാര്‍ത്ഥികളും ജില്ലയിലെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം മെയ് വഴക്കവും, ചുവടുറപ്പുകളും തെളിയിക്കും
.