കാസര്‍കോട്: 1970ല്‍ ചന്ദ്രഭാനു കമീഷന് വിഭാവനം ചെയ്ത കാസര്‍കോട് പെരുമ്പട്ട പാലം രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരള പര്യടനത്തിെന്റ ഭാഗമായി കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മടിക്കൈയില്‍ മാംസ ഉല്പാദനത്തിനും സംസ്കരണത്തിനുമുള്ള വിപുലമായ പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഒരു മാസത്തിനകം ആരംഭിക്കും. പാലായി റഗുലേറ്റര്‍ കംബ്രിഡ്ജ് 45 ദിവസത്തിനകം യാഥാര്‍ഥ്യമാകും.
കാസര്‍കോട് വികസന പാക്കേജ് നിലവിലുണ്ട്. അതിനു പുറമേ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി സംസ്ഥാന പദ്ധതി വഴിയായി 4795 കോടി രൂപ ജില്ലയില്‍ ചെലവഴിച്ചു. ജില്ലയുടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ടൂറിസം-ഐ.ടി മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കാര്‍ഷിക ഉല്പന്നങ്ങളുടെ സംഭരണത്തിന് എല്ലാ പഞ്ചായത്തുകളിലും കോള്‍ഡ് സ്റ്റോറേജ് സംവിധാനം സര്‍ക്കാറിെന്റ പരിഗണനയിലുണ്ട്. അവിടെ നിന്ന് മാര്‍ക്കറ്റിലേക്ക് വാഹനങ്ങളും ഉണ്ടാകും. തൊഴിലുറപ്പ് പദ്ധതി ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കും.പദ്ധതികള്‍ നടപ്പാക്കുമ്ബോള്‍ അവികസിത മേഖലക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം. കേരളത്തിലെ വിദ്യാര്‍ഥികള്‍ പുറത്തുപോയി പഠിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അവര്‍ക്ക് ആവശ്യമുള്ള ആധുനിക കോഴ്സുകള്‍ ഇപ്പോഴുള്ള സ്ഥാപനങ്ങളില്‍ തന്നെ തുടങ്ങും. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാകുന്ന മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖല വളരണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിെന്റ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണ്. നവകേരള നിര്‍മിതി ലക്ഷ്യമിട്ട് വിഭാവനം ചെയ്ത നാലു മിഷനുകള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി.
വികസനത്തിെന്റ പാതയില്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായാണ് വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്നത്. പ്രധാന പദ്ധതികളിലൊന്നായ ഗെയ്ല് പൈപ് ലൈന്‍ ജനുവരി ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവിടെ ഒന്നും നടക്കില്ല എന്ന ധാരണയില്‍നിന്ന് എല്ലാം നടപ്പാകും എന്ന ബോധ്യത്തിലേക്ക് കേരളത്തിലെ ജനങ്ങള്‍ മാറി -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കബഡി അക്കാദമി രണ്ടു മാസത്തിനകം യാഥാര്‍ഥ്യമാകും. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ പോകുന്നതും ദീര്‍ഘാവധി എടുക്കുന്നതും ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രന്, പ്ലാനിങ് ബോര്‍ഡ് അംഗം രാംകുമാര്‍, മുന്‍ എം.പി പി. കരുണാകരന്, എം.എല്‍.എമാരായ എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്, മുന്‍ എം.എല്‍.എമാരായ അഡ്വ.സി.എച്ച്. കുഞ്ഞമ്ബു, കെ.പി. സതീഷ് ചന്ദ്രന്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.