കാസർഗോഡ് : എതിരാളികളെ അനായാസം കബളിപ്പിച്ച് തന്റേതായ ശൈലിയില്‍ ഫുട്ബാളുമായി മുന്നേറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നില്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നത്.
കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് മികച്ച ഫുട്‌ബോള്‍ പരിശീലനം ലഭ്യമാക്കാന്‍ എല്ലാ പിന്തുണയും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, കൗണ്‍സില്‍ സെക്രട്ടറി കെ വി രാഘവന്‍ എന്നിവരുള്‍പ്പെട്ട സംഘം മഹ്‌റൂഫിനെ സന്ദര്‍ശിച്ചു. യാതൊരു പരിശീലനവുമില്ലാതിരുന്നിട്ടും ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തിയ ഈ പന്ത്രണ്ടുകാരന് കൗണ്‍സിലിന്റെ അംഗീകാരമായി ഫുട്‌ബോള്‍ കിറ്റ് സമ്മാനിച്ചു.
മഹ്‌റൂഫിന്റെ താല്‍പര്യമനുസരിച്ച് പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ മികച്ച പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞു. സമ്മതമാണെങ്കില്‍ പ്രമുഖ കായിക പരിശീലന കേന്ദ്രമായ തിരുവനന്തപുരത്തെ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശിപ്പിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
കാല്‍പ്പന്തിലൂടെ മായാജാലം സൃഷ്ടിച്ച ഈ യുവതാരത്തെ തേടി പ്രൊഫഷണല്‍ ക്ലബ്ബുകള്‍ സമീപിച്ചതായി ഫിഫയുടെയും യുവേഫയുടെയും അംഗീകാരമുള്ള ലണ്ടനിലെ ഇന്‍വെന്റീവ് സ്‌പോര്‍ട്‌സ് എന്ന ഫുട്‌ബോള്‍ കണ്‍സള്‍ട്ടന്‍സിയുടെ ഇന്ത്യന്‍ ഏജന്റും ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ കരാറുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൊഗ്രാല്‍ സ്വദേശി ഷകീല്‍ അബ്ദുല്ല പറഞ്ഞു.
ഐഎസ്എല്‍, ഐ ലീഗിലെ വമ്പന്‍മാരായ കേരള ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഗോകുലം കേരള എഫ്‌സി തുടങ്ങിയ ക്ലബ്ബുകളാണ് മഹ്‌റൂഫിന്റെ മാസ്മരിക പ്രകടനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഈ ക്ലബുകളുടെ ട്രയല്‍സില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറാണെന്ന് ക്ലബ് അധികൃതര്‍ തന്നെ അറിയിച്ചതായി ഷകീല്‍ പറഞ്ഞു. ട്രയല്‍സില്‍ പങ്കെടുത്ത് മികവ് പുറത്തെടുക്കാനായാല്‍ പ്രൊഫഷണല്‍ ട്രെയ്‌നിങ്ങ് അക്കാദമികളില്‍ മികച്ച കോച്ചിന്റെ കീഴില്‍ പരിശീലനം നടത്തി നാല് വര്‍ഷം കൊണ്ട് തന്നെ ദേശീയ ടീമില്‍ വരെ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ട് മഹ്‌റൂഫിനെ നിരവധി പ്രമുഖരാണ് പ്രശംസിച്ചത്. തന്നെക്കാള്‍ മുതിര്‍ന്നവരുമായി ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യം മഹ്‌റൂഫിന്റെ കൂട്ടുകാരാണ് പകര്‍ത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഫേസ്ബുക്ക് പേജായ മഞ്ഞപ്പടയില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.
ഇത് പിന്നീട് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായ ഇയാന്‍ ഹ്യൂം, സ്പാനിഷ് താരം ഹാന്‍സ് മള്‍ഡര്‍ തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുകയും മഹ്‌റൂഫിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ജിഎച്ച്എസ്എസ് അഡൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മഹ്‌റൂഫ്. കഴിഞ്ഞ ഒരാഴ്ചയോളമായി കുട്ടിക്ക് പനി ബാധിച്ചതിനാല്‍ ട്രയല്‍സിനായി ദൂരദേശങ്ങളിലേക്ക് അയക്കാന്‍ സാധിച്ചില്ലെന്ന് പിതാവ് ബി പി മുഹമ്മദ് പറഞ്ഞു. തന്റെ ഉപജീവനമാര്‍ഗമായ കൂലിപ്പണിക്കിടയിലും മകന്റെ കാല്‍പന്ത് കളിയിലെ മികവിന് എല്ലാ വിധ പിന്തുണയും നല്‍കി വരുന്നു. മാതാവ് മിസ്‌രിയയും സഹോദരങ്ങളായ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍സൂഖും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മഹ്‌സൂഖും മഹ്‌റൂഫിന്റെ കളി മികവ് ലോകമറിഞ്ഞതിന്റെ സന്തോഷത്തിലാണ്.