കശുവണ്ടി വ്യവസായം എംഎസ്എംഇ ലിസ്റ്റിലുള്ളതിനാൽ കൂടുതൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ

52

തിരുവനന്തപുരം : കശുവണ്ടി വ്യവസായത്തെ കാർഷികമേഖല പ്രവർത്തനമായി തരംതിരിച്ച് വ്യവസായങ്ങൾ ക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാതിരുന്ന അവസ്ഥ മാറിയെന്നും കൂടുതൽ ബാങ്കിങ്ങ് സേവനങ്ങൾ ലഭിക്കുന്ന രീതിയിൽ കശുവണ്ടി വ്യവസായവും എംഎസ്എംഇ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഫിഷറീസ്-ഹാർബർ എൻജിനീ യറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കൂടുതൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കി വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

മൂന്ന് ലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്ക് വായ്പ എം.എസ.്എം.ഇ സംവിധാനത്തിലൂടെ ബാങ്കുകളിൽ നിന്ന് ലഭ്യമാക്കുന്നതിന് വിളിച്ചുചേർത്ത ബാങ്കിംഗ് ഉദ്യോഗ സ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എംഎസംഎംഇ സഹായം വ്യവസായത്തിന് ലഭിക്കുന്നതിന് ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വ്യവസായികൾ ഉദ്യോഗ് ആധാർ ലിങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ നടപ്പാക്കിയ ജിയോടാഗിംഗ് സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ എല്ലാ ചെറുകിട- എം എസ്എംഇ യൂണിറ്റുകളും തയ്യാറാകണം. വ്യവസായ വകുപ്പിന്റെ ഇൻസെന്റീവ് പദ്ധതികളിൽ നിന്ന് സഹായം ലഭിക്കുന്നതിനും വ്യവസായവകുപ്പ് വഴി ബാങ്കുകളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2006 ലെയും 2017 ലും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എംഎസ്എംഇ ലിസ്റ്റിൽ ഉള്‌പ്പെ ടാത്ത വ്യവസായങ്ങളുടെ കൂട്ടത്തിൽ കശുവണ്ടി വ്യവസായം പരാമർശിച്ചിട്ടില്ല. ഇക്കാര്യം കണക്കിലെടുത്ത് പരമാവധി ആനുകൂല്യങ്ങൾ വ്യവസായത്തിന് ലഭ്യമാക്കാനാണ് സർക്കാർ ശ്രമം.

കശുവണ്ടി വ്യവസായത്തിനെ എംഎസ്എംഇ ലിസ്റ്റിൽ ഉൾപ്പെ ടുത്തിയിട്ടുള്ളതിനാൽ കുറഞ്ഞ നിരക്കിലുള്ള ബാങ്ക് വായ്പ ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ട്. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും 250 കോടി രൂപയുടെ ഉല്പാദനമുള്ള വ്യവസായങ്ങളെയാണ് എംഎസ്എംഇ ലിസ്റ്റിൽ ഉൾപ്പെ ടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഈ പട്ടികയിൽ ഉൾപ്പെടുന്നവയാണ്.

ഒരേ വ്യവസായി തന്നെ പല സ്ഥലങ്ങളിൽ ഫാക്ടറി രജിസ്റ്റർ ചെയ്യുകയും ബാങ്കിംഗ് ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനുശേഷം മറ്റൊരു സ്ഥലത്ത് പുതിയപേരിൽ വ്യവസായം ആരംഭിച്ച് വീണ്ടും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വായ്പകൾ നേടിയെടുത്ത് സ്ഥിരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വായ്പാസൗകര്യം തടയുകയും തൊഴിലാളികളുടെ അവകാശങ്ങൾ നൽകാതിരിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വ്യവസായികൾക്കെതിരെ നടപടി സ്വീകരിക്കും. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കാഷ്യു സ്‌പെഷ്യൽ ഓഫീസറും ഇക്കാര്യം പ്രത്യേകമായി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ബാങ്കുകൾ വിവിധ കശുവണ്ടിവ്യവസായ യൂണിറ്റുകൾ പുനരാരംഭിക്കുന്നതിന് വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ സർക്കാരിന് ബാങ്കുകൾ ലഭ്യമാക്കണം. കൂടാതെ വ്യവസായികൾക്ക് നൽകിയ പുതിയ വായ്പയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച പലിശ നിരക്ക് കണക്കാക്കി ബാങ്കിന് കിട്ടാനുള്ള പണം ലഭിക്കുന്നതിനുള്ള കൃത്യമായ കണക്ക് ആഗസ്റ്റിൽ തന്നെ സമർപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

NO COMMENTS