ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ചരിത്രപരമായ നിയമപരിഷ്കരണത്തെ എതിർക്കുന്നവർക്കൊപ്പം കർഷകർ നിൽക്കില്ലെന്നും കാർഷിക നിയമങ്ങളെ എതിർക്കുന്നവർ ഇടനിലക്കാരുടെ ആളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്ലാളുകൾക്കും ഇടനിലക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നവർ നുണകൾ പ്രചരിപ്പിക്കുകയാണ്.
എന്തുതന്നെയായാലും സർക്കാർ ഇതിൽ നിന്നു പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് പതിറ്റാണ്ടുകൊണ്ടു ഗ്രാമങ്ങൾക്കും ഗ്രാമീണർക്കുമായി സർക്കാരുകൾ ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ ആറു വർഷം കൊണ്ടു തങ്ങൾ ചെയ്തിട്ടുണ്ട്. ഗ്രാമീണരെയും പാവപ്പെട്ടവരെയും കർഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മധ്യവർത്തികളും ദല്ലാളുകളുമായി പ്രവർത്തിക്കുന്നവരെയാണ് നിയമം ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ കൈവശാവകാശ രേഖ നൽകുന്നതിനുള്ള സ്വാമിത്വ (സർവേ ഓഫ് വില്ലേജസ് ആൻഡ് മാപ്പിംഗ് വിത്ത് ഇംപ്രോവൈസ്ഡ് ടെക്നോളജി ഇൻ വില്ലേജ് ഏരിയ) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.