പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നു ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന ചടങ്ങിൽ ആദ്യ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ പ്രതിസന്ധിക്കിടയിലും ലോകത്തിനു മാതൃകയായ വികസന മുന്നേറ്റം നടത്താൻ കഴിഞ്ഞത് സർക്കാരും പൊതുജനങ്ങളും ഒത്തൊരുമയോടെയുള്ള പ്രവർത്തനം നടത്തിയതുകൊണ്ടാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കേരളത്തിനുണ്ടായ മാറ്റങ്ങൾ ആരും സമ്മതിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രവും സർവതല സ്പർശിയും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ വികസനം സാധ്യമാക്കുമെന്നു പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയാണു സർക്കാർ അധികാരത്തിലെത്തിയത്. അക്കാര്യം അതേരീതിയിൽ നടപ്പാക്കുന്നതിന് ഒട്ടേറെ തടസങ്ങളും പ്രയാസങ്ങളും പ്രതിബന്ധങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായിവന്നു.
ഓഖി, പ്രളയം, നിപ, കാലവർഷക്കെടുതികൾ, കോവിഡ് മഹാമാരി തുടങ്ങി ഇടവേള കിട്ടാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച നാളുകളായിരുന്നു കഴിഞ്ഞ ആറു വർഷം. പ്രതിസന്ധികൾ ഒന്നിനുപുറകേ ഒന്നായി വന്നപ്പോൾ തലയിൽ കൈവച്ചു നിലവിളിച്ചിരി ക്കുകയല്ല കേരളം ചെയ്തത്. ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നു. ലോകം അത്ഭുതാദരങ്ങളോടെയാണ് അതു നോക്കിക്കണ്ടത്. ഈ വൻ പ്രതിസന്ധിയിലും കേരളം കാണിച്ച ഒരുമ. പ്രതിസന്ധികളെ അതിജീവിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ വലിയ താത്പര്യ ത്തോടെയാണു ലോകം നോക്കിക്കണ്ടത്.
2016ലെ സർക്കാർ അധികാരമേൽക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക 18 മാസം കുടിശികയായിരുന്നു. ആ തുക കിട്ടി കണ്ണടയുമോയെന്ന ആശങ്കയിലായിരുന്നു പാവങ്ങൾ. കുടിശിക തീർത്തെന്നു മാത്രമല്ല, 600 രൂപയായിരുന്ന പെൻഷൻ തുക 1600 രൂപയായി. 25 ലക്ഷം പേർ കൂടുതലായി പെൻഷൻ വാങ്ങാൻ തുടങ്ങി. 32034 കോടി രൂപ പെൻഷൻ ഇനത്തിൽ വിതരണം നടത്തി. പൊതുവിതരണ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 10,697 കോടി രൂപ ചെലവാക്കി.
മാവേലി സ്റ്റോറുകളിലൂടെ നൽകുന്ന 13 ഇനം ഭക്ഷ്യസാധനങ്ങൾ 2016ലെ വിലയ്ക്കാണ് ഇപ്പോഴും നൽകുന്നത്. വിലക്കയറ്റം തടയാൻ ഏറ്റവും ഫലപ്രദമായി വിപണിയിൽ ഇടപെടുന്ന സംസ്ഥാനമാണു കേരളം. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെടു ന്നതും ഇവിടെയാണ്. രണ്ടു വർഷത്തെ കണക്കുമാത്രമെടുത്താൽ 9,702 കോടി രൂപയാണു വിലക്കയറ്റം പിടിച്ചു നിർത്താൻ മാത്രം ചെലവാക്കിയത്. സംസ്ഥാനത്ത് 87,01,000 റേഷൻ കാർഡുകളാണു നേരത്തേ ഉണ്ടായിരുന്നത്. ഇത് 89,80,000 ആക്കി ഉയർത്തി. 876 ജനകീയ ഹോട്ടലുകൾ ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ നിധിയിൽനിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5432 കോടി രൂപ ചെലവാക്കി. 3729 കോടി പ്രളയ ദുരിതാശ്വാസവും 1703 കോടി പ്രളയേതര ദുരിതാശ്വാസത്തിനുമാണു ചെലവാക്കിയത്. 2021 ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം 6,58,998 പേർക്കു ദുരിതാശ്വാസ നിധിയിലൂടെ സംസ്ഥാനത്തു സഹായം ലഭിച്ചു. ലൈഫ് ഭവന പദ്ധതിയിൽ 2,51,684 വീടുകൾ കഴിഞ്ഞ സർക്കാർ നിർമിച്ചു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തി ഒരു വർഷം കൊണ്ടു നിർമിച്ച വീടുകൾകൂടി ചേരുമ്പോൾ ഇത് 2,95,006 ആകും. ഇത് മൂന്നു ലക്ഷത്തോടടുക്കുകയാണ്. വീട് നിർമിക്കുന്നതിനു നേരത്തേ നൽകിയിരുന്ന 2.5 ലക്ഷം രൂപ നാലു ലക്ഷമാക്കി ഉയർത്തി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,76,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഒരു വർഷംകൊണ്ട് 54,535 പട്ടയങ്ങൾകൂടി വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരു വർഷംകൊണ്ട് ഇത്രയും പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതു മാതൃകാപരമാണ്. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 2,23,000 ഹെക്ടർ നെൽകൃഷി ചെയ്തു. നെല്ല് ഉത്പാദനത്തിലും വലിയ വർധനവുണ്ടായി. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയോടടുത്തുനിൽക്കുകയാണ്. കോഴിമുട്ടയടക്കം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് ഉടൻ അറുതിവരുത്താനാകും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അഭൂതപൂർവമാംവിധം ശാക്തീകരിക്കപ്പെട്ടു. ആറു വർഷം മുൻപ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അഞ്ചു ലക്ഷം കുട്ടികളുടെ കുറവായിരുന്നു. 2000 ഓളം സ്‌കൂളുകൾ പൂട്ടാൻ തീരുമാനിച്ച നിലയിലായി രുന്നു. അവിടെനിന്നാണു മാറ്റമുണ്ടായത്. 2016 മുതലുള്ള ആറു വർഷംകൊണ്ടു 10 ലക്ഷത്തോളം കുട്ടികളുടെ വർധന പൊതുവിദ്യാലയങ്ങളിലുണ്ടായി. കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസം യാഥാർഥ്യമാക്കാൻ വലിയ ഇടപെടലാണു കേരളം നടത്തിയത്. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ കോവിഡിനു മുൻപുതന്നെ വിജയകരമായി സർക്കാർ നടപ്പാക്കി ത്തുടങ്ങിയിരുന്നു.
1,19,054 ലാപ്ടോപ്പുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിതരണം ചെയ്തു. അഞ്ചു വർഷംകൊണ്ട് ഈ രംഗത്ത് 20,800 കോടി രൂപ ചെലവാക്കി. പാഠപുസ്തകത്തിനു വിദ്യാർഥികൾ നട്ടംതിരിയുന്ന ഒരു കാലം മുൻപു കേരളത്തിലുണ്ടായിരുന്നു. ആറു മാസത്തോളം പാഠപുസ്തകം ലഭിക്കാത്ത അവസ്ഥയായിരുന്നു അന്ന്. ഇപ്പോൾ അധ്യയന വർഷം തുടങ്ങുംമുൻപേ പാഠപുസ്തകങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. നാടിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ വിദ്യാർഥികളുടെ സ്ഥാനം വലുതാണ്. അവരുടെ വിദ്യാഭ്യാസത്തിന് ഒരു മുടക്കവുമുണ്ടാകരുത്.
വൈദ്യുതി മേഖലയിൽ മികച്ച പുരോഗതിയുണ്ടാക്കാൻ സർക്കാരിനു കഴിഞ്ഞു. സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ചു. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാൻ നടപടികൾ സ്വീകരിച്ചു. ജൽവീജൻ മിഷൻ 2024ഓടെ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടുപോകുന്തന്. സംസ്ഥാനത്തെ 67,15,000 ഗ്രാമീണ വീടുകളിൽ 2020-21ൽ 21,64,000 ഇടത്ത് കുടിവെള്ള കണക്ഷനുകൾ നൽകി. ഈ വർഷം 25,50,000 കണക്ഷനുകൾ നൽകാനുള്ള നടപടികൾ മുന്നോട്ടുപോകുന്നു.
11580 കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കി. 10 ജില്ലകളിൽ 443 കിലോമീറ്റർ റോഡുകൾ ഏഴു വർഷത്തേക്ക് ഒരുമിച്ചു പരിപാലനത്തിനു കരാർ നൽകി. 166 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യ ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ 504 എണ്ണം നിശ്ചയിച്ചതിൽ 369ന്റെ നിർമാണം പൂർത്തിയാക്കി. 135 ഇടത്ത് നിർമാണം അതിവേഗം പുരോഗമിക്കുന്നു. കോവിഡ് മഹാമാരിക്ക് ഒരു ഘട്ടത്തിലും കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെ കവച്ചുവയ്ക്കാനായില്ല.
സംസ്ഥാനത്തെ 661 തദ്ദേശ സ്ഥാപനങ്ങൾ സമ്പൂർണ ശുചിത്വ പദവി നേടി. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമുള്ള പഞ്ചായത്തുകളുടെ എണ്ണത്തിലും വലിയ പുരോഗതിയുണ്ടായി.
കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 1,57,911 നിയമനങ്ങൾ നടത്തി. 2021 മേയ് 21 മുതൽ കഴിഞ്ഞ ഏപ്രിൽ 30 വരെ 22,345 പേർക്കു നിയമന ശുപാർശ നൽകി. ചെറുപ്പക്കാർ വിദ്യാർഥികൾ തുടങ്ങിയവർ തൊഴിൽ തേടുന്നവർ മാത്രമല്ല, തൊഴിൽ ദാതാക്കളുമായി മാറുന്ന കാഴ്ചയാണ് ഇന്നു നാട്ടിൽ. സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി കേരളം മാറി. അഞ്ചു വർഷംകൊണ്ട് 3900 സ്റ്റാർട്ടപ്പുകളുണ്ടായി. ഈ വർഷം 850 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ചു. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ രൂപം നൽകിയ ഏഞ്ചൽ ഫണ്ടിലെ 10.5 കോടി രൂപയും വിനിയോഗിച്ചു. ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിൽ 29 ലക്ഷം ചതുരശ്ര അടി സ്ഥലം പുതുതായി നിർമിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ അഞ്ചു വർഷംകൊണ്ട് 1,40,000 സംരംഭങ്ങളുണ്ടായി. കഴിഞ്ഞ ഒരു വർഷംകൊണ്ട് 14,403 പുതിയ സംരംഭങ്ങൾ തുടങ്ങി. 3247 എംഎസ്എംഇ യൂണിറ്റുകൾ ആരംഭിച്ചു 373 കോടിയുടെ നിക്ഷേപം പുതുതായി ഈ വർഷം വന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടുംബശ്രീ അംഗത്വം 45 ലക്ഷമായിരുന്നു. ഇപ്പോൾ അത് 45,85,000 ആയി. പ്രവാസി ക്ഷേമനിധി പദ്ധതിയിലെ അംഗത്വം 5,06,000 ൽനിന്ന് ഏഴു ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞു.
ടെക്നോപാർക്കിൽ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 105 കോടി കിഫ്ബി ധനസഹായത്തടെ പുതിയ കെട്ടിടം നിർമിക്കുന്നതിനു നടപടി തുടങ്ങി. കൊച്ചി ഇൻഫോപാർക്കിന്റെ ഒന്ന്, രണ്ട് പദ്ധതി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 57,250 ചതുരശ്ര അടി പ്ലഗ് ആൻഡ് പ്ലേ ഐടി സ്പേസിന്റെ നിർമാണം പൂർത്തിയാക്കി. ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാക്കിയതു വഴി കൊച്ചി നഗരത്തിലെ 8864 വീടുകളിൽ പാചകവാതകം എത്തിക്കാനായി. 13,500ലധികം വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമൊരുങ്ങി. ഇപ്പോഴുള്ള ഗാർഹിക പാചക വാതക ഇന്ധനത്തേക്കാൾ 30 ശതമാനത്തിന്റെ വിലക്കുറവുണ്ടാക്കുന്നതാണിത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും കാലതാമസമില്ലാതെ സിറ്റി ഗ്യാസ് കണക്ഷൻ ഉറപ്പാക്കാൻ നടപടിയെടുക്കും.
തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന് 15 ലക്ഷമായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരു വർഷംകൊണ്് 16,45,000 കുടുംബങ്ങൾ ഇപ്പോൾ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിലെടുക്കുന്നവരായി. 18,99,000 വ്യക്തികൾ ഇന്നു പദ്ധതിയുടെ ഭാഗമാണ്. കോവളം – ബേക്കൽ 616 കിലോമീറ്റൽ ജലപാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കനോലി കനാലിന്റെ പുനരുജ്ജീവന പദ്ധതിക്കു തുടക്കംകുറിച്ചു. കൊച്ചി വാട്ടർ മെട്രോ കേരളത്തിന്റെ ടൂറിസം, ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കും.
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് സംസ്ഥാനത്തെ പൊതുമേഖലാ സംരക്ഷണത്തിന്റെ മകുടോദാഹരണമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. 145 കോടിയുടെ ബാധ്യത തീർത്താണു സ്വന്തം പേപ്പർ നിർമാണ കമ്പനിക്കു സർക്കാർ രൂപം നൽകിയത് നാലു ഘട്ടങ്ങളായി ഇതിന്റെ വികസനം പൂർത്തിയാക്കും. 3200 കോടി വിറ്റുവരവുള്ളസ്ഥാപമായി ഇതിനെ മാറ്റും.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി 5235 കോടി ചെലവിൽ പൂർത്തിയാക്കും. ടെൻഡർ നടപടികൾ വരുന്ന നവംബറിൽ പൂർത്തിയാക്കി റോഡ് നിർമാണം ആരംഭിക്കും. കേന്ദ്ര, സംസ്ഥാന വിഹിതമുപയോഗിച്ചു നിർമിക്കുന്ന പദ്ധതിയിൽ സംസ്ഥാന വിഹിതം 1040 കോടിയാണ്. റോഡിനൊപ്പം അനുബന്ധ വികസന പദ്ധതികളും വിഭാവനം ചെയ്യുന്ന പദ്ധതി തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റും.
മഴുപ്പിലങ്ങാടി ബീച്ച് നവീകരണത്തിനുള്ള 61 കോടിയുടെ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ഇവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടൽ നിർമാണം 2023ൽ പൂർത്തിയാക്കും. ഒരു വർഷത്തിനകം 125 കിമീ ദേശീയ പാത വികസനം പൂർത്തിയാക്കും. പാലങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജുകൾ, ബൈപാസ് തുടങ്ങിയ പദ്ധതികളുടെ നിർമാണവും ഇതിനൊപ്പം നടക്കും. നിലേശ്വരം റെയിൽ ഓവർ ബ്രിഡ്ജ്, പാലൊളി പാലം, തലശേരി മാഹി ബൈപാസ്, കഴക്കൂട്ടം – കാരോട് ബൈപാസ്, കഴക്കൂട്ടം ഫ്ളൈ ഓവർ, കുതിരാൻ തുരങ്കം തുടങ്ങിയവ ഉടൻ പൂർത്തിയാക്കും.
ആക്കുളം തടാകത്തിന്റെ പുനരുജീവനം പദ്ധതിക്കുള്ള നടപടികൾ ത്വരിതപ്പെടുത്തും. മൂല്യവർധിത വ്യവസായ രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കാൻ റബർ പാർക്കും കോഫി പാർക്കും റൈസ് പാർക്കും സ്പൈസസ് പാർക്കും ഫുഡ് പാർക്കുകളും സജ്ജമാക്കുന്ന നടപടികൾ വേഗത്തിലാക്കും.
പുതുവൈപ്പ് എൽപിജി ടെർമനിനൽ ഈ വർഷം ഡിസംബറിൽ കമ്മിഷൻ ചെയ്യും. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറവരെയുള്ള കണക്റ്റിവിറ്റി ഉടൻ പൂർത്തിയാക്കും. വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുന്നതോടെ എട്ടു ബോട്ട് ജെട്ടികളെ ബന്ധിപ്പിച്ച് ഒരു വർഷത്തിനകം 10 ബോട്ടുകൾ സർവീസ് ആരംഭക്കും. കടലാക്രമണം രൂക്ഷ ചെല്ലാനത്ത് 346 കോടി ചെലവിൽ കടൽഭിത്തി നിർമാണം ഒരു വർഷംകൊണ്ടു പൂർത്തിയാക്കും. സംസ്ഥാനത്തു പുതുതായി 1510 ഹെൽത്ത് ആൻഡ് വെൽനസ് സെന്റുകൾ സ്ഥാപിക്കും. ഇ-ഹെൽത്ത് പദ്ധതി 170 ആശുപത്രികളിൽക്കൂടി വ്യാപിപ്പിക്കും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ആരംഭിക്കും. രവിവർമ ആർട്ട് ഗ്യാലറിയുടെ പുതിയ കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കും.
ഉന്നത വിദ്യാഭ്യാസ മേഖയലിൽ വലിയ ഇടപെടൽ നടത്തും. എല്ലാ സ്ഥാപനങ്ങളും കാലാനുസൃത മാറ്റം കണ്ടുവരും. പശ്ചാത്തല സൗകര്യവും അക്കാദമിക മികവും സാധ്യമാക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മറ്റുകയാണു സർക്കാരിന്റെ ലക്ഷ്യം. ഈ വർഷം സർവകലാശാലകളുമായി ബന്ധിപ്പിച്ച് 1500 പുതിയ ഹോസ്റ്റൽ മുറികൾ തുറക്കും. ഇതിൽ 250 എണ്ണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും. 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. ഈ വർഷം 150 എണ്ണം നൽകുകമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിൽ 77 പേർക്കു നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തു ജനകീയ ബദലിന്റെ ആറു വർഷമാണു പൂർത്തിയാകുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. എന്തു പ്രതിസന്ധിയുണ്ടായാലും ജനങ്ങൾക്കു നെഞ്ചിൽ ചേർത്തുപിടിക്കാൻ കഴിയുന്ന മിത്രമായാണു സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. രാധാകൃഷ്ണൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, സജി ചെറിയാൻ, വി.എൻ. വാസവൻ, പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, പി. രാജീവ്, എ.എ. റഹീം എംപി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, കെ. ആൻസലൻ, വി. ജോയി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുഭരണ വകുപ്പ് – ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.