കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് എ++ അംഗീകാരം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനു കരുത്തുപകരുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലയുടെ നാക് അക്രഡിറ്റേഷൻ പ്രക്രിയയിൽനിന്നു ലഭിച്ച അനുഭവങ്ങൾകൂടി സ്വാംശീകരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താ നുള്ള നടപടികളും ഇടപെടലുകളും ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക് എ++ അംഗീകാരം നേടിയ കേരള സർവകലാ ശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈിജ്ഞാനിക, സാമൂഹ്യ രംഗങ്ങളിൽ കേരള സർവകലാശാല ആർജിച്ച സമ്പത്തിനെ അന്തർദേശീയ നിലവാരത്തിലേക്കുള്ള മുന്നേറ്റത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോടെയാണു സർക്കാർ മുന്നോട്ടുനീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിക് മികവു നേടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും സാങ്കേതികവിദ്യയെ കൂടുതൽ വിനിയോഗിക്കുന്നതിലും സർവകലാശാല നടത്തിയ ഫലപ്രദമായ ഇടപെടലിന്റെ ഫലമായാണു 3.67 പോയിന്റിലൂടെ എ++ ഗ്രേഡ് ലഭിച്ചത്.
ഇതു ലഭ്യമാകാൻ വേണ്ട ഏറ്റവും കുറഞ്ഞപോയിന്റ് 3.51 ആയിരിക്കെയാണു ഇത്രയും ഉയർന്ന പോയിന്റ് നേടിയത്. കേരള സർവകലാശാലയേക്കാൾ ഗ്രേഡ് പോയിന്റുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു രാജ്യത്ത് വിരലിലെണ്ണാവുന്നവ മാത്രമാണ്. സംസ്ഥാന സർവകലാശാലകളിൽ ഇപ്പോൾ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് കേരള സർവകലാശാലയ്ക്കാണ്. ഈ നേട്ടത്തിൽ മതിമറന്ന് ഇവിടെത്തന്നെ നിൽക്കുകയല്ല ചെയ്യേണ്ടത്, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളോടു ചേർന്നു നിൽക്കുന്ന തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവശ്യമായ ഊർജം ഇതിൽനിന്് ഉൾക്കൊള്ളാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ ഫലംകാണുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് റിപ്പോർട്ടിൽ കേരളം നടത്തിയ മുന്നേറ്റം ഇതാണു കാണിക്കുന്നത്. സംസ്ഥാനത്തെ പല സ്ഥാപനങ്ങളും റിപ്പോർട്ടിന്റെ ആദ്യ നൂറിൽ ഇടംപിടിച്ചിട്ടുണ്ട്. ഓവറോൾ റാങ്കിങ്ങിൽ കേരളത്തിലെ മൂന്നു സർവകലാശാലകളും സർവകലാ ശാലകളുടെ റാങ്കിങ്ങിൽ നാലു സർവകലാശാലകളും ആദ്യ നൂറിലുണ്ട്. കോളജുകളിൽ 17 എണ്ണമുണ്ട്. മാനേജ്മെന്റ്, ആർക്കിടെക്ചർ, ഫാർമസി, ഡെന്റൽ എന്നിവയിൽ ഓരോന്നുവീതവുമുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ളതും കേരളത്തിൽ സ്ഥിതിചെയ്യുന്നതുമായ മൂന്ന് എൻജീനിയറിങ് കോളജുകൾ, രണ്ടു മാനേജ്മെന്റ് കോളജുകൾ, ആർക്കിടെക്ചർ, മെഡിക്കൽ എന്നിവയിൽ ഓരോ കോളജുകൾ തുടങ്ങിയവ അതതു പഠന വകുപ്പുകളുടെ ആദ്യ നൂറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ രംഗത്തു കൈവരിച്ച നേട്ടങ്ങൾക്ക് ആനുപാതികമായ നേട്ടങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്തും നേടാനാണു സർക്കാർ ലക്ഷ്യമിടുന്നത്. അങ്ങനെ മാത്രമേ ലോക വൈജ്ഞാനിക ശൃംഘലയുമായി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കാകൂ. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാർഥികളുടെ പഠന മികവും മെച്ചപ്പെടുത്തണം. ഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അറിവുകൾ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഉപകരിക്കണമെന്നാണു സർക്കാർ കരുതുന്നത്.
അതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ സജ്ജമാക്കണമെന്ന ലക്ഷ്യത്തോടെയാണു സർക്കാർ ഇടപെടലുകൾ നടത്തുന്നത്. ലോകത്താകെ സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയുന്നവിധം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഗവേഷണ മേഖലയേയും മാറ്റിത്തീർക്കണം. നവകേരള സൃഷ്ടിക്കായുള്ള ശ്രമങ്ങളിലേക്കുള്ള ചുവടുവയ്പ്പായി കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലിയൽ സമൂല മാറ്റങ്ങൾക്കുള്ള സജീവ ഇടപെടലുകൾ സർക്കാർ നടത്തുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കേരള സർവകലാശാലയ്ക്കു ലഭിച്ച നാക് അംഗീകാരം സർക്കാരിന്റെ ഈ ശ്രമങ്ങൾക്കു വലിയ ഊർജം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയ ഉപഹാരം മുഖ്യമന്ത്രിയിൽനിന്ന് വൈസ് ചാൻസലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള ഏറ്റുവാങ്ങി.
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു, ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാഹുജാൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.