തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 24) രാവിലെ 11.30ന് ഓൺലൈനായി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റു വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, നവകേരള കർമ്മപദ്ധതി കോ-ഓർഡിനേറ്റർ എന്നിവരും പങ്കെടുക്കും.
കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് 29 സ്ഥലങ്ങളിലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ തറക്കല്ലിടും.
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത്, പയ്യന്നൂർ മുനിസിപ്പാലിറ്റി, കണ്ണപുരം ഗ്രാമപഞ്ചായത്ത്, ആന്തൂർ മുനിസിപ്പാലിറ്റി, വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്ത്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ആലംകോട് ഗ്രാമപഞ്ചായത്ത്, പാലക്കാട് ജില്ലയിലെ കൊടുമ്പ് ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാറളം ഗ്രാമപഞ്ചായത്ത്,
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത്, കരുമാലൂർ ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, വാത്തുക്കുടി ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിലെ മിഠായിക്കുന്നിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, വിജയപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, നടുവട്ടം പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്, പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ഏഴംകുളം ഗ്രാമപഞ്ചായത്ത്,
പന്തളം മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പുതുശ്ശേരിമുകൾ വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്, തഴമേൽ അഞ്ചൽ ഗ്രാമപഞ്ചായത്ത്, കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, തിരുവനന്തപുരം ജില്ലയിലെ മടവൂർ ഗ്രാമപഞ്ചായത്ത്, അഴൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. 2021 മെയ് മാസത്തിനുള്ളിൽ 29 ഭവനസമുച്ചയങ്ങളുടെയും പണി പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ നയവുമായി ചേർന്നുനിൽക്കുന്ന രീതിയിലായിരിക്കും ഇവ നിർമിക്കുക. പ്രളയവും ഉരുൾപൊട്ടലും ആവർത്തിക്കുന്ന കേരളത്തിലെ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് കെട്ടിട നിർമ്മാണ രീതിയിൽ ഒരു പൊളിച്ചെഴുത്തിനാണ് ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടനിർമ്മാണത്തിലൂടെ സർക്കാർ തുടക്കമിട്ടിരിക്കുന്നത്. കോൺക്രീറ്റ് നിർമ്മാണ രീതിയോടൊപ്പം തന്നെ പ്രീഫാബ് സാങ്കേതിക വിദ്യയും ഈ നിർമ്മാണങ്ങളിൽ പ്രയോജനപ്പെടുത്തും.
പ്രകൃതി സൗഹൃദവും കൂടുതൽ ഈടു നിൽക്കുന്നതും വേഗത്തിൽ പണിപൂർത്തീകരിക്കുവാൻ കഴിയുന്നതുമായ നിർമ്മാണ രീതിയാണ് പ്രീഫാബ്. പ്രീഫാബ് നിർമ്മാണരീതി വ്യാപകമാകുന്നതോടുകൂടി പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ ഒരു പരിധിവരെ നിയന്ത്രണം കൊണ്ടുവരാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്.
സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ലൈഫ് മിഷന്റെ ഭാഗമായി 2,26,518 ഭവന രഹിതരായ കുടുംബങ്ങൾക്കാണ് സ്വന്തം വീടെന്ന സ്വപ്നം സാഷാത്ക്കരിക്കുവാൻ സാധിച്ചത്.