പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് (KEMS 2023) മാർച്ച് 17, 18, 19 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒ ബൈ ടമാരയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ സമഗ്ര എമർജൻസി ആന്റ് ട്രോമകെയർ ശക്തിപ്പെടുത്തുന്നതിനായാണ് പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റ് നടത്തു ന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപകടങ്ങളിലൂടെയും ഗുരുതര രോഗങ്ങളിലൂടെയും എത്തുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അത്യാഹിതങ്ങളിൽപ്പെട്ട രോഗികൾക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ അടിയന്തര പരിചരണം ഉറപ്പാക്കാ നായി ആരോഗ്യ വകുപ്പ് മെഡിക്കൽ കോളേജുകളിൽ ക്വാളിറ്റി ഇപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള പരിശീലനങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകി വരുന്നു. ഇതിനായി തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്ററിന് (എ.ടി.ഇ.എൽ.സി.) നൂതന ഉപകരണങ്ങൾ വാങ്ങാൻ അടുത്തിടെ 2.27 കോടി രൂപ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മെഡിക്കൽ രംഗത്തെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് സമ്മിറ്റ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജനറൽ ആശുപത്രി കാമ്പസിലുള്ള അപക്സ് ട്രെയിനിംഗ് സെന്റർ, ഒ ബൈ ടമാര എന്നിവിടങ്ങളിലാണ് സമ്മിറ്റ് നടക്കുന്നത്. മാർച്ച് 17ന് അപക്സ് ട്രെയിനിംഗ് സെന്ററിൽ ട്രോമകെയറിനെപ്പറ്റി ശിൽപശാലയും ട്രെയിനിംഗ് സെഷനും നടക്കുന്നു. ഒ ബൈ ടമാരയിൽ മാർച്ച് 18ന് സമഗ്ര ട്രോമകെയർ സംവി ധാനം, എമർജൻസി ആന്റ് ട്രോമകെയർ സ്റ്റാന്റേഡെസേഷൻ, പ്രീ ഹോസ്പിറ്റൽ കെയർ, പ്രാഥമിക തലത്തിലെ നെപുണ്യ വികസനം എന്നീ വിഷയങ്ങളിലും മാർച്ച് 19ന് സുദൃഡമായ സമഗ്ര എമർജൻസി കെയർ, എമർജൻസി ആന്റ് ട്രോമകെയർ രജിസ്ട്രി എന്നീ വിഷയങ്ങളിലും സമ്മേളനം നടക്കും. ഇതുകൂടാതെ തുടർവിദ്യാഭ്യാസ പരിപാടിയും ഉണ്ടായിരിക്കും.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന, ടാറ്റ ട്രസ്റ്റ്, എയിംസ്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എമർജൻസി മെഡിസിൻ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് നടക്കുന്നത്. ലോകാരോഗ്യ സംഘടന, നീതി ആയോഗ്, എയിംസ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സമിറ്റിൽ പങ്കെടുക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് എച്ച്ഒഡിമാർ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഇഎൻടി, അനസ്‌തേഷ്യ എന്നീ വകുപ്പുകളിലെ എച്ച്ഒഡിമാർ, മറ്റ് സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഫാക്കൽറ്റികൾ, സീനിയർ റസിഡന്റ്‌സ്, ജൂനിയർ റെസിഡന്റ്‌സ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും.