തിരുവനന്തപുരം : ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾ പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ക്രിസ്മസ് മാർക്കറ്റുകളും ജില്ലാ ഫെയറുകളും ആരംഭിക്കും.
സംസ്ഥാനതല ഉത്ഘാടനം 16ന് വൈകുന്നേരം ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അധ്യക്ഷത വഹിക്കും. സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവിൽപന നടത്തും.
വിപണന കേന്ദ്രങ്ങളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുമുണ്ടാകും. ഡിസംബർ 16 ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ക്രിസ്മസ് ജില്ലാ ഫെയർ 24 വരെ പ്രവർത്തിക്കും.
സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ ഈ ദിവസങ്ങളിൽ (ഞായറാഴ്ച ഉൾപ്പെടെ) ക്രിസ്മസ് മാർക്കറ്റുകളായി പ്രവർത്തിക്കും. ക്രിസ്മസ് ഉൽസവകാലം ആഘോഷകരമാക്കു ന്നതിലേക്കായി ക്രിസ്മസ് കേക്ക് ബേക്കറി വിഭവങ്ങൾ എന്നിവ മിതമായ വിലയിൽ ക്രിസ്മസ് ഫെയറുകൾ വഴി നൽകാനും സപ്ലൈകോ ഒരുങ്ങിയിട്ടുണ്ട്.