മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു.

104

തിരുവനന്തപുരം : മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും കര്‍ണ്ണാടക സര്‍ക്കാരിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കര്‍ണ്ണാടക ത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വാസ്തവം ജനം അറിയുന്നത് സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് കമ്മീഷണറുടെ വാദം.

മംഗളൂരു വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ക്യാമറ യടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. പൊലീസ് ബലം പ്രയോഗിച്ച്‌ റിപ്പോര്‍ട്ടിംഗ് തടഞ്ഞു. മാതൃഭൂമി, ഏഷ്യാനെറ്റ്,മീഡിയാവണ്‍ , 24 ന്യൂസ് ചാനല്‍ എന്നിവയുടെ പത്ത് പേരടങ്ങുന്ന വാര്‍ത്താസംഘത്തെയും തമിഴ്, തെലുങ്ക്, കന്നഡ മാധ്യമപ്രവര്‍ത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ പൊലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഇവര്‍. ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പൊലീസ് രൂക്ഷമായി പെരുമാറുകയായിരുന്നു.

NO COMMENTS