ഇനി ഒരു പള്ളിയും യാക്കോബായ വിശ്വാസികള്‍ മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ല – ഫാ.ജോസ് പരത്തുവയലില്‍

114

കോതമംഗലം: : ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ യാക്കോബായ വിശ്വാസികള്‍ ഒന്നാകെ രണ്ടാം കൂനന്‍കുരിശ് സത്യത്തില്‍ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍ പറഞ്ഞു. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച കുര്‍ബാന യ്‌ക്കിടയിൽ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കൂനനന്‍കുരിശ് സത്യം പ്രഖ്യാപിച്ചു. സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗത്തില്‍ ഗാന്ധിയന്‍ സമരമുറകളിലൂടെ ശക്തമായ മുന്നേറ്റവും പ്രതിരോധവും തീര്‍ക്കുന്നതിന് മുന്നോടിയായാണ് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ രണ്ടാം കൂനന്‍കുരിശ് സത്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാന്‍ നടത്തിയ കൂനന്‍ കുരിശ് സത്യത്തിന്റെ 366-ാം വാര്‍ഷികവേളയില്‍ രണ്ടാംകൂനന്‍കുരിശ് സത്യത്തിന് ഞായറാഴ്ച കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സാക്ഷ്യംവഹിക്കും . 1653 ജനുവരി മൂന്നിന് മട്ടാഞ്ചേരിയിലെ മാതാവിന്റെ ദേവാലയത്തിനുമുന്നിലെ കുരിശില്‍തൊട്ട് പ്രതിജ്ഞ ചൊല്ലിയതാണ് ഒന്നാം കൂനന്‍കുരിശ് സത്യം. കുരിശില്‍ തൊടാനാവത്തവര്‍ കുരിശില്‍ ആലാത്ത് (വടം)കെട്ടി അതില്‍പിടിച്ചാണ് അന്ന് പ്രതിജ്ഞയെടുത്തത്. ഭാരംതാങ്ങാനാവാതെ കുരിശ് അല്‍പ്പം ചെരിഞ്ഞു. അങ്ങനെ കൂനന്‍കുരിശ് സത്യം ചരിത്രത്തിലിടം നേടി.

എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറില്‍ കൈപിടിച്ച്‌ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആദ്യകണ്ണിയാകും. തുടര്‍ന്ന് മെത്രാപ്പൊലീത്തമാരും വൈദികരും അണിനിരന്ന് കല്‍ക്കുരിശിന്റെ ചുവട്ടിലെത്തും. കല്‍ക്കുരിശില്‍ക്കെട്ടുന്ന വടത്തില്‍ പിടിച്ച്‌ വിശ്വാസികള്‍ സത്യവിശ്വാസ സംരക്ഷണപ്രതിജ്ഞ ചൊല്ലും.

വൈകീട്ട് മൂന്നുമണിക്കാണ് അന്ത്യോഖ്യ മലങ്കരബന്ധം ഊട്ടിയുറപ്പിച്ച്‌ രണ്ടാം കൂനന്‍കുരിശ് സത്യം. ശ്രേഷ്ഠ കാതോലിക്കാബാവയുടെ വിശദമായ കല്പന മലങ്കരയിലെ മുഴുവന്‍ പള്ളികളിലും രാവിലെ കുര്‍ബാന മധ്യേ വായിക്കും. മലങ്കരയിലെ 1600-ഓളം പള്ളികളില്‍നിന്നുള്ള ഒരു ലക്ഷത്തിലധികം യാക്കോബായ വിശ്വാസികള്‍ പങ്കെടുക്കും.

NO COMMENTS