ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 21 ന് മുഖ്യമന്ത്രി നിർവഹിക്കും

83

തിരുവനന്തപുരം : ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ സെപ്തംബർ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രിപിണറായി വിജയൻ ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററി കാര്യ മന്ത്രി എ.കെ. ബാലൻ അധ്യക്ഷനാകും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.

ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികം വിപുലമായ പരിപാടികളോടെയാണ് സംസ്ഥാന സർക്കാർ ആഘോഷിച്ചത്. കേരളീയ നവോത്ഥാനത്തിന് ഉജ്ജ്വലമായ തുടക്കം കുറിച്ച യുഗപ്രഭാവനായ ശ്രീനാരായണഗുരുവിനു ഉചിതമായ സ്മാരകം ഇതുവരെ തലസ്ഥാന നഗരിയിൽ ഇല്ലായിരുന്നു.

1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഒരു ഉദ്യാനവും ഇവിടെ ഒരുക്കും.

ശ്രീനാരായണഗുരു സമാധി ദിനമായ കന്നി അഞ്ചിന് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, വി.എസ് ശിവകുമാർ എം.എൽ.എ, ഡോ. ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, ഓ. രാജഗോപാൽ എം.എൽ.എ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിക്കും. ചടങ്ങിൽ ശില്പി ഉണ്ണി കാനായിയെ ആദരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും സാംസ്‌കാരിക ഡയറക്ടർ ടി. ആർ. സദാശിവൻ നായർ നന്ദിയും പറയും.

NO COMMENTS