കോന്നി: കോന്നി പോലീസ് സ്റ്റേഷനിലെ എസ് ഐ. കിരണ്‍, എ.എസ് ഐ. മധുസൂദനന്‍, സി.പി.ഒ.മാരായ മനു, ഷാജഹാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നയാളാണ് പ്രകോപിതനായി എസ്.ഐ.യെയും പോലീസുകാരെയും കൈയേറ്റം ചെയ്തത് .
വീടിന് ആരോ കല്ലെറിഞ്ഞെന്ന പരാതി പറയാനാണ് ബുധനാഴ്ച രാവിലെ പത്തുമണിയോടെ സോമശേഖരന്‍ നായര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എസ് ഐ.യുടെ മുറിയില്‍ ചെന്നപ്പോള്‍ പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായി അസഭ്യം പറഞ്ഞ് സോമശേഖരന്‍ എസ് ഐ.യെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പുറത്തേക്കോടിയ ഇയാളെ പിടിക്കാന്‍ ചെന്ന ഷാജഹാനെയും മര്‍ദിച്ചു.
എ.എസ് ഐ. മധുസൂദനന്‍, മനു എന്നിവര്‍ ചേര്‍ന്നാണ് സോമശേഖരനെ കീഴടക്കി ലോക്കപ്പിലടച്ചത്.ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കാറുണ്ടെന്നും ഭയന്ന് ഇവര്‍ ഒളിവില്‍ താമസിക്കുകയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് വീടിനു കല്ലെറിഞ്ഞതു സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ പോലീസെത്താതിരുന്നത് സോമശേഖരന്‍ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ഇഷ്ടപ്പെടാതെ എസ്.ഐ. ക്ഷുഭിതനായി സംസാരിക്കുകയും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിമുക്തഭടന്‍ വയക്കര തലത്താഴം വീട്ടില്‍ സോമശേഖരന്‍ നായരെ(56) അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കില്‍നിന്ന് കത്തി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ സോമശേഖരന്‍ നായര്‍ വൈദ്യപരിശോധന ആവശ്യപ്പെട്ടു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. വനംവകുപ്പുകാരെ ആക്രമിച്ച സംഭവം, വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറഞ്ഞത്, കൊക്കാത്തോട് വനം വകുപ്പ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയത് തുടങ്ങി സോമശേഖരന്റെ പേരില്‍ ഒന്‍പത് കേസുകള്‍ നിലവിലുണ്ടെന്ന് സി.െഎ. പറഞ്ഞു.