അഗര്‍ത്തല: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെത്തി മര്‍ദ്ദിച്ച ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നടപടി വിവാദത്തില്‍. സംസ്ഥാന പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ ദേബാണ് ക്വവായ് പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുളള യുവാവിന്റെ മുഖത്തടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ത്രിപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ ദേബ് ബര്‍മന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പെലീസ് കസ്റ്റഡിയിലെടുത്തത്. സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പ്രഗ്യാ ദേബ് ബര്‍മന്റെ സഹോദരന്‍ കൂടിയായ പ്രദ്യോത് യുവാവിന്റെ മുഖത്തടിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യുടെ പ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പിസിസി അധ്യക്ഷനായി പ്രദ്യോത് കിഷോര്‍ ദേബിനെ നിയമിച്ചിരുന്നു. ത്രിപുരയിലെ അവസാന രാജാവ് മഹാരാജ ബീര്‍ ബിക്രം കിഷോര്‍ പ്രദ്യോതിന്‍റെ കൊച്ചുമകന്‍ കൂടിയാണ് ഈ യുവനേതാവ്.