യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി

12

കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങൾ. ആ വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങൾ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ മേഖലയുടെ കരുത്തിന് അനുയോജ്യമാകുന്ന നിലയിൽ യുവജന സഹകരണ സംഘങ്ങൾ മാറും. മാറുന്ന കാലത്തിന് അനുസരിച്ച് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സഹകരണ മേഖല തയ്യാറാകുന്നുണ്ട്. ഇതുവരെ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്താൻ യുവജന സഹകരണ സംഘങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജയകരമായ പല പരീക്ഷണങ്ങളും സംസ്ഥാനത്തെ സഹകരണ മേഖല നടത്തിയിട്ടുണ്ട്. യുവജന സഹകരണ സംഘങ്ങളും ഇത്തരത്തിലൊന്നാണ്. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗം കൂടിയാണ് സഹകരണ മേഖലയുടെ സമഗ്ര ഇടപെടലുകൾ ഉണ്ടാകുന്നത്. കാർഷിക രംഗത്ത് മൂലധന നിക്ഷേപം പ്രതിസന്ധിയിലായപ്പോൾ നബാർഡിൽ നിന്നും നാല് ശതമാനം നിരക്കിൽ വായ്പയെടുത്ത് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കാർഷിക മേഖലയ്ക്കു നൽകി.

കർഷകരുടെ ഉത്പ്പന്നങ്ങൾ ന്യായവിലയ്ക്കു വാങ്ങുമെന്ന ഉറപ്പും സഹകരണ സംഘങ്ങൾ പാലിച്ചു. പച്ചക്കറിക്ക് രാജ്യത്ത് ആദ്യമായി താങ്ങുവില ഏർപ്പെടുത്തി കർഷകർക്ക് ആശ്വാസം പകർന്ന സർക്കാർ, സഹകരണ മേഖല വഴി കാർഷിക രംഗത്ത് കാര്യമായ ഇടപെടലുകളും നടത്തി. കാർഷിക രംഗത്ത് ഐടി അധിഷ്ഠിത സേവന ശൃംഖല സ്ഥാപിക്കും.

കൃഷിക്കാരുടെ മുതൽ വിപണന കേന്ദ്രങ്ങളുടെ വരെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള ശൃംഖല സ്ഥാപിക്കുന്നതോടെ വലിയൊരു കുതിച്ചു ചാട്ടം ഇക്കാര്യത്തിലുണ്ടാകും. ഇത്തരത്തിൽ സഹകരണ മേഖലയുടെ സമഗ്രമായ ഇടപെടലിന്റെ തുടർച്ചയാണ് യുവജന സഹകരണ സംഘങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS