പത്തനംതിട്ട : വര്‍ഗീയതയെ ഒരു കൂട്ടര്‍ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുമ്പോൾ അതിനെ ചെറുക്കാന്‍ ഉതകുന്ന എന്ത് നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.ആര്‍എസ്‌എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശനങ്ങളെ ശക്‌തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുമാണ് വേണ്ടത്. എന്നാല്‍ അത് കോണ്‍ഗ്രസില്‍നിന്നും ഉണ്ടാകുന്നില്ല.
കോണ്‍ഗ്രസും ബിജെപിയും നടപ്പാക്കുന്നത് ബദല്‍ നയമല്ല. ഇരുകൂട്ടരും പിന്തുടരുന്നത് ഉദാരവത്‌കരണ നയമാണ്. കോര്‍പറേറ്റുകളോട‌് മമതയും സാമ്രാജ്യത്വത്തിന‌് കീഴടങ്ങാനുള്ള അഭിനിവേശവുമാണ‌് ഇരുകൂട്ടര്‍ക്കും. ബിജെപിയെ അധികാരത്തില്‍നിന്ന‌് മാറ്റി അതേ നയം തുടരുന്ന ഒരു സര്‍ക്കാര്‍ വരുന്നതുകൊണ്ട‌് കാര്യമില്ല, ജനങ്ങള്‍ക്ക‌് ആശ്വാസം കിട്ടുകയും രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയുംചെയ്യുന്ന ബദല്‍നയം നടപ്പാക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം.
കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ടി ആയിരുന്നുവല്ലോ. എല്ലാ സംസ്‌ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചു ഭരിച്ചപാര്‍ടി . ആ പാര്‍ടി മെല്ലേ മെല്ലെ ശോഷിച്ചു . എന്താണ് അതിന് കാരണം. ജനക്ഷേമകരമായിരുന്നില്ല അവരുടെ നയങ്ങള്‍ എന്നതാണ് അതിന് കാരണം. രാജ്യത്തെ ബിജെപി എം പിമാരേയും നേതാക്കളേയും നോക്കിയാല്‍ കാണാനാകുന്നത് മുന്‍ കോണ്‍ഗ്രസ് നേതാക്കളെയാണ്. ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് ബിജെപിയുടെ തലപത്ത് ഇരിക്കുന്നത്. എങ്ങിനെയാണ് ഇത്തരത്തില്‍ ഇവര്‍ക്ക് മാറാന്‍ കഴിയുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് ആര് എപ്പോള്‍ ബിജെപിയിലേക്ക് മാറും എന്ന് ഒരാള്‍ക്കുപോലും പറയാന്‍ പറ്റില്ല. ആരും മാറാവുന്നതേയുള്ളൂ . നാം വോട്ട് നല്‍കുന്ന ആള്‍ ഒരുതരത്തിലും വഞ്ചന കാണിക്കരുത്. ഇത്തരത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെമാത്രമാണ് കേരളത്തില്‍ വിശ്വസിക്കാനാകുന്നത്.
കേരളത്തില്‍ വന്ന‌് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതുപോലെ പല സംസ്ഥാനങ്ങളിലും ബിജെപിക്കെതിരായ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ‌് രാഹുല്‍ഗാന്ധി സ്വീകരിക്കുന്നത‌്. യുപിയില്‍ എസ‌്പിയും ബിഎസ‌്പിയും ബിജെപിക്കെതിരെ യോജിച്ച‌് മത്സരിക്കുന്നു. കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാന്‍ രണ്ടുപാര്‍ടികളും ആഗ്രഹിച്ചപ്പോള്‍ അവര്‍ മുഖംതിരിച്ചു.
ഡല്‍ഹിയില്‍ ആംആദ‌്മിയും യോജിച്ച‌് മത്സരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ കോണ്‍ഗ്രസ‌് അനുകൂലിച്ചില്ല. കോണ്‍ഗ്രസുമായി യോജിപ്പ‌് വേണ്ടെന്നുപറയുന്ന ഇടതുപക്ഷം പടിഞ്ഞാറന്‍ ബംഗാളില്‍ പരസ‌്പരം മത്സരം വേണ്ടെന്നാണ‌് തീരുമാനിച്ചത‌്. പക്ഷെ ആദ്യംതന്നെ കോണ്‍ഗ്രസ‌് ഇടതുപക്ഷം ജയിച്ച സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കെതിരെ ഒറ്റയ‌്ക്ക‌് പോരാട്ടം നടത്താനുള്ള ശേഷി കോണ്‍ഗ്രസിനില്ല. ബിജെപിക്കെതിരെയാണ‌് മത്സരമെന്ന‌് പറയുന്ന രാഹുല്‍ഗാന്ധി വയനാട്ടില്‍ പത്രിക കൊടുത്തു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിലൂടെ എന്ത‌് സന്ദേശമാണ‌് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും പിണറായി ചോദിച്ചു.
ബദല്‍ സര്‍ക്കാരിന് ഉദാഹരണമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ‌് മന്ത്രിസഭ അഴിമതി നിറഞ്ഞതായിരുന്നു. ജീര്‍ണതയുടെ രാഷ‌്ട്രീയമല്ലേ അക്കാലത്ത‌് സംസ്ഥാനത്തുണ്ടായത‌്. എല്‍ഡിഎഫ‌് സര്‍ക്കാര്‍ വന്നിട്ട‌് മൂന്ന‌് വര്‍ഷമായി. ഇപ്പോള്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ‌് കേരളമെന്ന‌് കേന്ദ്രസര്‍ക്കാരും അവരുടെ ഏജന്‍സികള്‍തന്നെയും വ്യക്തമാക്കി. യുഡിഎഫ‌് സര്‍ക്കാരിനെപോലെ ജീര്‍ണതയുടെ ഒരംശമെങ്കിലും ഇപ്പോഴുണ്ടോ. ബദല്‍നയം നടപ്പാക്കുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനത്ത‌് വന്നതുകൊണ്ടുള്ള മാറ്റമാണിത‌്. ഭരണകാര്യങ്ങളില്‍ ഇവിടെ ഒന്നും നടക്കില്ലെന്ന അവസ്ഥയായിരുന്നു യുഡിഎഫ‌് കാലത്ത‌്. എല്‍ഡിഎഫ‌് സര്‍ക്കാര്‍ വന്നപ്പോള്‍ നിരാശ മാറി പ്രത്യാശയായി മാറിയെന്നും പിണറായി പറഞ്ഞു.