പയ്യോളി: കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവിന്റെ പുതിയ വാഹനം അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. പ്രവാസി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടിയുടെ 13 ലക്ഷം രൂപ വിലവരുന്ന പുതിയ പിക്ക്അപ്പ് ലോറിയാണ് അഗ്നിക്കിരയാക്കിയത്. രണ്ടുദിവസം മുമ്ബ് വാങ്ങിയ വാഹനം ഇന്ന് രജിസ്ട്രേഷന് വേണ്ടി കൊണ്ടുപോകാന്‍ ഇരിക്കുകയായിരുന്നു.തിക്കോടി മീത്തലെപള്ളി-പള്ളിക്കര റോഡരികിലായിരുന്നു വാഹനം നിര്‍ത്തിയിട്ടത്. തീപിടിച്ചത് ശ്രദ്ധയില്‍പെട്ട ഉടനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.