തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിൽ പരിഹാരം കാണുന്നതിനായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിനു തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാണ് എസ്.എം.വി. സ്‌കൂളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കുന്നത്. സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരും പരാതികൾ നേരിട്ടുകേട്ടു പരിഹരിക്കുന്നതിനായി അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.
അക്ഷയ സെന്ററുകളിലൂടെയും ഓൺലൈനായും ലഭിച്ച 3,319 പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഇതിൽ 1,923 പരാതികൾ തിരുവനന്തപുരം താലൂക്കിലേയും 1,396 പരാതികൾ നെടുമങ്ങാട് താലൂക്കിലേയുമാണ്. ഇതിനോടകം നടപടി പൂർത്തിയാക്കിയ പരാതികൾ രാവിലെ മുതൽ വിവിധ വകുപ്പുകളുടെ കൗണ്ടറുകൾ മുഖേന അപേക്ഷകർക്കു നൽകുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷകളടക്കം മന്ത്രിമാർ തീരുമാനമെടുക്കേണ്ടവയിൽ അപേക്ഷകരെ മന്ത്രിമാർ പ്രത്യേകം കേട്ടു പരിഹാരംകാണുകയുമാണു ചെയ്യുന്നത്.
പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഇതിനായി 10 പ്രത്യേക കൗണ്ടറുകൾ അദാലത്ത് വേദിയിൽ പ്രവർത്തിക്കുന്നുണ്ട്. പുതുതായി ലഭിക്കുന്ന അപേക്ഷകളിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അപേക്ഷകനെ നേരിട്ട് അറിയിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
എം.എൽ.എമാരായ സി. ദിവാകരൻ, ഡി.കെ. മുരളി, വി.കെ. പ്രശാന്ത് എന്നിവരും അദാലത്ത് നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നുണ്ട്.