കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പ്രോസിക്യൂഷന് വാക്കാല്‍ നിര്‍ദേശം നല്കി.
നടിയെ ആക്രമിച്ച കേസില്‍ നാലു വര്‍ഷത്തിന് ശേഷം ചിലര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് സംശയകരമാണെന്നും വിചാരണ വൈകിപ്പിക്കാന്‍ പ്രോസിക്യൂഷന് ശ്രമിക്കുകയാണെന്നും കേസ് പരിഗണിക്കവെ ദിലീപിന്റെ അഭിഭാഷകന് പറഞ്ഞു.
വെള്ളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബന്ധുവായ അപ്പു , ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍.
കണ്ടാലറിയാവുന്ന വ്യക്തിയെന്നാണ് ആറാം പ്രതിയെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുന്‍ റൂറല്‍ എസ്.പിയും ഇപ്പോള്‍ ഐ.ജിയുമായ എ.വി. ജോര്‍ജ്, എസ്.പി. സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
തന്റെ ദേഹത്ത് കൈവെച്ച ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ കൈവെട്ടണം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്തണമെന്ന രീതിയില്‍ ദിലീപ് മറ്റു പ്രതികളുമായി സംഭാഷണം നടത്തിയെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ദിലീപിന്റെ ചില ഓഡിയോ ക്ലിപ്പുകളാണ് പുതിയ കേസിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികളുടെ ഗൂഢാലോചന ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ടെന്ന് എഫ്. ഐ. ആറില്‍ പറയുന്നു.
ദിലീപിന്റെ കേസ് കൈകാര്യം ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്റെ സൗകര്യാര്‍ത്ഥം കേസ് തിങ്കളാഴ്ച പരിഗണിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.