നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീ​ഗ് പ്രവർത്തകരായ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി ; ഒമ്പത് പ്രതികളെ വെറുതെവിട്ടു

50

മലപ്പുറം: നാടിനെ ഞെട്ടിച്ച അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ മുസ്ലീം ലീ​ഗ് പ്രവർത്തകരായ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിൽ ഒമ്പത് പ്രതികളെ വെറുതെവിട്ടു. പത്തുവർഷത്തിന് ശേഷമാണ് മഞ്ചേരി മൂന്നാം അഡീ. സെഷൻസ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധി പറഞ്ഞത്. ഒന്നുമുതൽ 11 വരെയുള്ള പ്രതികളും 18 പ്രതിയെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2018 സെപ്തംബറിൽ കേസിൽ വിചാരണ തുടങ്ങിയെങ്കിലും കോവിഡും സാക്ഷിവിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയിൽനിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിപ്പോയതും കാരണം നടപടികൾ നീണ്ടു. ഇതിനിടയിൽ വിസ്താരം നടത്തിയ ജഡ്ജിതന്നെ കേസിൽ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി ടി എച്ച്. രജിത വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹർജി സുപ്രീംകോടതി തള്ളി. തുടർന്നാണ് കേസിലെ നടപടികൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. കേസിലെ വിധിപ്രസ്താവം കണക്കിലെടുത്ത് കോടതി പരിസരത്ത് വ്യാഴാഴ്ച കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

മുസ്ലീംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയായിരുന്ന പാറമ്മൽ മുഹമ്മദ് കുട്ടി ഉൾപ്പെടെ 21 പേരായിരുന്നു കേസിലെ പ്രതികൾ. മാർച്ച് 19-ന് കേസിലെ സാക്ഷിവിസ്താരം പൂർത്തിയായി. ദൃക്സാക്ഷികളുൾപ്പെടെ 215 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സംഭവംനടന്ന സ്ഥലം വീഡിയോവഴി പ്രദർശിപ്പിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ നൂറ് തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസി ക്യൂഷൻ ഹാജരാക്കി.

2012 ജൂൺ പത്താം തീയതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. കുനിയിൽ അത്തീഖ് റഹ്മാൻ വധക്കേസിലെ പ്രതികളായ കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്ദുൾ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

NO COMMENTS

LEAVE A REPLY