പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം ഉടനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ശബരിമല കര്‍മ്മസമിതിയുടെ നിര്‍ണായക യോഗം വ്യാഴാഴ്ച പന്തളത്ത് ചേരും.
സംസ്ഥാന സമിതി യോഗം മുന്‍കൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് കര്‍മ്മസമിതി നേതാക്കള്‍ പറയുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായും ആചാരസംരക്ഷണത്തിനും വേണ്ടിയുള്ള തുടര്‍പ്രക്ഷോഭങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
ശബരിമലയിലെ ആചാരസംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ ബി.ജെ.പി. പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കിയിരുന്നു. അതില്‍നിന്ന് പിന്നോട്ടുപോകാന്‍ കഴിയില്ല. കോടതിയുടെ പരിഗണനയിലാണെന്നു മാത്രമാണ് കേന്ദ്രം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.
ഉടന്‍ നിയമനിര്‍മ്മാണം ഇല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശബരിമല കര്‍മ്മസമിതി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ നിയമപരമായ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു. കോടതി തീരുമാനം വൈകില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നുമുള്ള കേന്ദ്ര നിയമമന്ത്രിയുടെ മറുപടി ഈ പശ്ചാത്തലത്തിലാണെന്നും അവര്‍ കരുതുന്നു.
കോടതിനടപടികള്‍ നീണ്ടുപോയാല്‍ നിയമവിധേയമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നു. കര്‍മ്മസമിതി ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും- എസ്.ജെ.ആര്‍.കുമാര്‍, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍.ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കര്‍മ്മസമിതിക്കും വിവിധ ഹൈന്ദവ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിലപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. എന്‍.ഡി.എ. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമായ നിയമനിര്‍മ്മാണം ഉള്‍െപ്പടെയുള്ള നടപടികളുണ്ടാകുമെന്ന് പ്രക്ഷോഭവേളയില്‍ ബി.ജെ.പി. ഉറപ്പ് നല്‍കിയിരുന്നു.