കൊച്ചി: തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് ക്രൂരമര്‍ദനമേറ്റ ഏഴ് വയസുകാരന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവരുന്ന കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അമ്മയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഇളയ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴുവയസുള്ള മൂത്ത കുട്ടിയെ അതിക്രൂരമായി മര്‍ദിക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കിടക്കയില്‍ കിടന്ന ഏഴുവയസുകാരന്റെ നടുവിനു ചവിട്ടി തെറിപ്പിച്ചു. ഭിത്തിയില്‍ തലയിടിച്ചു അലമാരയ്ക്കിടയില്‍ വീഴുകയായിരുന്നു. എന്നിട്ടും അരിശം മാറാത്ത അരുണ്‍ കുട്ടിയെ വീണ്ടും മര്‍ദിച്ചു. നിലത്തിട്ടു ചവിട്ടി. മാതാവ് ഇടപെട്ടപ്പോള്‍ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിശബ്ദമാക്കി. കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയോട്ടി പൊട്ടി.
അരുണ്‍ തിരുവനന്തപുരത്തൊരു കൊലപാതകകേസിലെ പ്രതിയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു നൂറോളം പ്രാവശ്യം പിടിച്ചിട്ടുണ്ടെന്നു പ്രതി തന്നെ പോലീസിനോടുസമ്മതിച്ചു. കുട്ടിയുടെ പിതാവ് ഒരുവര്‍ഷം മുന്‍പു മരിച്ചു പോയതാണ്. പിന്നീട് ഭര്‍ത്താവിന്റെ അമ്മായിയുടെ മകന് സഹായിക്കാന്‍ എന്ന പേരില്‍ ഇവിടെ കൂടുകയായിരുന്നു. എന്നും ഇളയകുട്ടിയെ രാത്രിയില്‍ എഴുന്നേല്പിച്ചു മൂത്രമൊഴിപ്പിച്ചശേഷം കിടത്തേണ്ടതു ഏഴാംക്ലാസിലെ ഈകുട്ടിയുടെ കടമയാണ്. ഇന്നലെ രാത്രിയില്‍ കുട്ടി ഉറങ്ങിപ്പോയി. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചു കരഞ്ഞു. ഇതാണ് അരുണിനെ ക്രൂരനാക്കിയത്. ഇളയകുട്ടിയേയും മര്‍ദിച്ചു. എന്നാല്‍ ഇത്രയും ക്രൂരമായി മര്‍ദിച്ചില്ല.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
രണ്ടാനച്ഛന് ജ്യേഷ്ഠനെയും തന്നെയും മര്‍ദിച്ചെന്ന് അനുജന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്കി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിലും അടിച്ചെന്നും നിലത്തു വീണെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി.