നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന‌് വ്യാഴാഴ‌്ച തിരശ്ശീല വീഴുമ്ബോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് വീറും വാശിയുമേറും. വോട്ടെടുപ്പിന‌് അവശേഷിക്കുന്ന ഇനിയുള്ള 18 ദിനങ്ങള്‍ തീപാറുന്ന പോരാട്ടത്തിന്റേതായിരിക്കും. പ്രചാരണം തുടങ്ങിയതുമുതല്‍ കളംനിറഞ്ഞു നില്‍ക്കുന്ന എല്‍ഡിഎഫ‌് ആ മേല്‍ക്കൈ നിലനിര്‍ത്തിയാണ‌് മുന്നേറുന്നത‌്. സ്ഥാനാര്‍ഥിനിര്‍ണയ തര്‍ക്കവും മറ്റും അനിശ്ചിതത്വത്തിലാക്കിയ യുഡിഎഫിന‌് രാഹുല്‍ ഗാന്ധിയുടെ വരവാണ‌് ആശ്വാസത്തിന‌് വകയേകിയത‌്. പലയിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ ബിജെപിയാകട്ടെ ഇതുവരെ സജീവമായിട്ടുമില്ല. മുഖ്യശത്രുവായി കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫിനെ ഉന്നമിട്ടു കഴിഞ്ഞുവെന്നതാണ‌് ഏറെ ശ്രദ്ധേയമായത‌്.
രാഷ്ട്രീയ വിഷയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും അവതരിപ്പിച്ച‌് എല്‍ഡിഎഫ‌് മുന്നോട്ടുപോകുമ്ബോള്‍ ഒരുമേഖലയിലും ഭരണവിരുദ്ധ വികാരം ദൃശ്യമല്ല എന്ന പ്രത്യേകതയുമുണ്ട‌്. ഇത‌് തിരിച്ചറിഞ്ഞ യുഡിഎഫ‌് രാഷ്ട്രീയമായ പരാമര്‍ശങ്ങളെ പോലും ദുര്‍വ്യാഖ്യാനം ചെയ‌്ത‌് വിവാദമാക്കാനാണ‌് ശ്രമിക്കുന്നത‌്.
അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിംലീഗും കൈകോര്‍ത്താണ‌് നീങ്ങുന്നത‌്. കോണ്‍ഗ്രസ‌് അധ്യക്ഷന്‍ സ്ഥാനാര്‍ഥിയായി വന്ന വയനാട്ടില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും തയ്യാറായില്ല. കൊല്ലം, എറണാകുളം, കണ്ണൂര്‍, വടകര, കോഴിക്കോട‌് എന്നിവിടങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ ആര്‍എസ‌്‌എസിന‌് അനഭിമതരാണ‌്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക‌് വന്ന വയനാട്ടില്‍ യുഡിഎഫിനെ വരിഞ്ഞുമുറുക്കിയുള്ള പ്രചാരണ തന്ത്രത്തിനാണ‌് എല്‍ഡിഎഫ‌് രൂപം നല്‍കിയത‌്. യുഡിഎഫ‌് പ്രവര്‍ത്തകര്‍ക്കിടയില്‍ രാഹുലിന്റെ വരവ‌് ഇതുവരെ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ലെന്ന‌് കോണ്‍ഗ്രസില്‍തന്നെ അഭിപ്രായം. സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം ഒരിടത്തും പ്രതിഫലിക്കാത്തതാണ‌് എല്‍ഡിഎഫിന‌് ഏറ്റവും അനുകൂലമായ ഘടകം.
ബിജെപിയുടെ വര്‍ഗീയതയും കോണ്‍ഗ്രസിന്റെ വിശ്വാസ്യതയില്ലായ‌്മയും സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ കൈവരിച്ച നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം ഇതുവരെ ദേശീയ രാഷ്ട്രീയമോ സംസ്ഥാനത്തെ വികസന പ്രശ‌്നങ്ങളോ സര്‍ക്കാരിന്റെ പ്രവര്‍ത്തനമോ ചര്‍ച്ചചെയ്യാന്‍ യുഡിഎഫ‌് തയ്യാറായിട്ടില്ല.
വയനാടില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ‌് അധ്യക്ഷന്‍ എന്ത‌് സന്ദേശമാണ‌് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന‌് ഇതുവരെ കോണ്‍ഗ്രസ‌് മറുപടി നല്‍കിയിട്ടില്ല. അതേസമയം ബിജെപിയും സംഘപരിവാറുമാണ‌് സിപിഐ എമ്മിന്റെ മുഖ്യശത്രുവെന്ന‌് പിണറായി വ്യക്തമാക്കിയിട്ടുമുണ്ട‌്. യുഡിഎഫ‌് കഠിനമായ വിഷയദാരിദ്ര്യം നേരിടുന്നത‌് മൂലമാണ‌് രാഷ‌്ട്രീയ വിമര്‍ശനം പോലും വിവാദമാക്കുന്നത‌്. എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ‌്താണ‌് പ്രചാരണം അഴിച്ചുവിട്ടത‌്.
മുസ്ലിംലീഗ‌് കനത്ത പ്രതിസന്ധിയിലായ ഘട്ടത്തില്‍ ലീഗ‌് നേതൃത്വത്തെ ആശ്രയിച്ചാല്‍ കോണ്‍ഗ്രസ‌് സ്ഥാനാര്‍ഥിയുടെ ഗതി എന്താകുമെന്ന വിമര്‍ശനമാണ‌് വിജയരാഘവന്‍ നടത്തിയത‌്. ഇതിനെ അശ്ലീലചുവയുള്ള പരാമര്‍ശം എന്നാണ‌് വ്യാഖ്യാനിച്ചത‌്. പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര‌് പറഞ്ഞാല്‍ തന്നെ കോണ്‍ഗ്രസ‌് അതില്‍ അശ്ലീലം കുത്തിനിറയ‌്ക്കുകയാണ‌്. കോണ്‍ഗ്രസും യുഡിഎഫും പറയുന്നമട്ടിലുള്ള വിമര്‍ശനം താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന‌് എ വിജയരാഘവന്‍ പറഞ്ഞിട്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ‌് കോണ്‍ഗ്രസ‌്.
അതേസമയം കോണ്‍ഗ്രസ‌് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരന്‍പിളള രംഗത്ത‌് വന്നിട്ടും കോണ്‍ഗ്രസ‌് നേതൃത്വത്തില്‍നിന്ന‌് ഒരു പ്രതിഷേധവുമുണ്ടായില്ല.