കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും കൊല്ലത്ത് എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ പോരാട്ടം തുടങ്ങി. സിപിഎം നേതാവായ എം.എ.ബേബിയെ മുട്ടുകുത്തിച്ച് മികച്ച പാര്‍ലമെന്റേറിയനായി പുരസ്കാരങ്ങളുടെ ആരവങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ജനകീയനായ പ്രേമചന്ദ്രന് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയില്‍നിന്നും യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്നും വന്നതോടെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി ഉഷാറായി.എതിരാളിയായി പാര്‍ട്ടി പരിപാടികളില്‍ നിറഞ്ഞുനില്ക്കുന്ന സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയായ കെ.എന്‍. ബാലഗാപാലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തു വരുന്നതെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാര്‍ഥി ചിത്രം വ്യക്തമല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാണ്.
ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കടന്നുവരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് പ്രേമചന്ദ്രനാണെന്ന് സിപിഎം കരുതുന്നു. അതിന്റെ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്പോള് ആര്‍എസ്പി സിപിമ്മിനെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങി കഴിഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണരംഗത്ത് തികഞ്ഞ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. അടുത്തമാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധവും സംഘടിപ്പിക്കും.
പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ആ നിലയിലാണ് പ്രചാരണ പ്രവര്‍ത്തനം നടത്തുന്നത്. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട എംപിമാരിലൊരാളായ പ്രേമചന്ദ്രനെ വീഴ്ത്താന്‍ സാധാരണ രാഷ്ട്രീയ അടവുകളൊന്നും വിജയിക്കില്ലെന്ന് എല്‍ഡിഎഫിന് വ്യക്തമായിട്ട് അറിയാം. ഏതു മാര്‍ഗത്തിലും പ്രേമചന്ദ്രനെ തറപറ്റിക്കാനുള്ള തന്ത്രത്തിലാണ് സിപിഎം.ശബരിമല സ്ത്രീപ്രവേശന വിഷയം വന്നതോടെ ബിജെപിയിലും കൂടുതല്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. വിശ്വാസികളില്‍ കുറെ പേരെങ്കിലും പാളയത്തിലെത്തുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. അതുകൊണ്ട് തന്നെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന് അവര്‍ കരുതുന്നു. ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് അവരും മെനയുന്നത്.
മാസങ്ങല്‍ക്ക് മുന്‍പുതന്നെ പ്രേമചന്ദ്രനും ബാലഗോപാലുമാണ് മുന്നണി സ്ഥാനാര്‍ഥികളെന്ന് സംസാരമുയര്‍ന്നിരുന്നു. അതനുസരിച്ച് പാര്‍ട്ടി മെഷിനറികള്‍ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. പ്രേമചന്ദ്രന് തന്നെ നേരിട്ടെത്തിയാണ് ബൂത്തുകമ്മിറ്റികള്‍ പലതും സജീവമാക്കുന്നത്. താഴെ തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ കണ്ണെത്തുന്നു. ആര്‍എസ്പിയും അരയും തലയും മുറുക്കി ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഷിബു ബേബി ജോണാണ് രാഷ്ട്രീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ബൈപാസ് ഉദ്ഘാടനത്തിന്റെ ആരോപണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും അങ്കത്തട്ടിലെ ഏറ്റമുട്ടലില്‍ അതിന്റെ തീപ്പൊരികള്‍ ഉണ്ടാകും. സിപിഎമ്മിന്റെ കണ്ണിലെ കരടായ പ്രേമചന്ദ്രനെതിരെ ശക്തമായ പ്രചാരണപ്രവര്‍ത്തനം തന്നെ പാര്‍ട്ടി ആസൂത്രണം ചെയ്യുമെന്ന് ഉറപ്പാണ്.