ഡാം സുരക്ഷ ആസ്ഥാന മന്ദിരം 2020 മേയിൽ യാഥാർത്ഥ്യമാകും.

128

തിരുവനന്തപുരം : ഡാമുകളുടെ സുരക്ഷയെക്കുറിച്ചുള്ള പഠനത്തിനും പര്യവേഷണത്തിനുമായി നിയോഗിക്കപ്പെട്ട സംസ്ഥാന ഡാം സുരക്ഷ വിഭാഗത്തിനുള്ള ആസ്ഥാനമന്ദിരത്തിന്റെ നിർമാണം 2020 മേയിൽ പൂർത്തിയാവും. തിരുവനന്തപുരം പിഎംജിയിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. 35 കോടി രൂപയാണ് നിർമാണചെലവ്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ വകുപ്പിന് കീഴിലുള്ള ഡ്രിപ് പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തൽ യോഗത്തിലാണ് തീരുമാനം.

18 ഡാമുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡ്രിപ് ഒന്നാംഘട്ട പദ്ധതി 2020 ഏപ്രിലിൽ പൂർത്തിയാവും. 360 കോടിയുടെ പദ്ധതിയാണ് ഇത്. ആകെ 34 പ്രവൃത്തികൾ ആസൂത്രണം ചെയ്തിരുന്നു. ഇതിൽ 27 എണ്ണവും പൂർത്തിയായി. അവശേഷിക്കുന്ന ഏഴെണ്ണം അവസാനഘട്ടത്തിലാണ്. കല്ലടയിലെ പ്രവൃത്തികൾ ഈമാസം പൂർത്തിയാവും. കുറ്റ്യാടിയിലെ ഇലക്ട്രിക്കൽ, സിവിൽ ജോലികൾ അടുത്തമാസവും നെയ്യാറിലെ പദ്ധതി സെപ്റ്റംബറിലും മൂലത്തറയിലേത് നവംബറിലും പൂർത്തിയാവും. ചിമ്മിനി ഡാമിന്റെ പുനരുദ്ധാരണം 2020 ഏപ്രിലിൽ പൂർത്തിയാവും.

പമ്പ, മംഗലം, കാരാപ്പുഴ ഡാമുകളുടെ പുനരുദ്ധാരണത്തിനായി 165.9 കോടിയുടെ രണ്ടാംഘട്ട ഡ്രിപ് പദ്ധതി തയാറായിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിനും കേന്ദ്രജല കമ്മിഷനും പദ്ധതി അയക്കുകയും തത്വത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിർദേശം നൽകാനുള്ള വിദഗ്ദ്ധരുടെ പാനൽ പ്രസ്തുത ഡാമുകൾ സന്ദർശിച്ചു പഠനം നടത്തിവരുന്നു. ഡാമുകൾ ബലപ്പെടുത്തുന്നതിനുള്ള സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികളാണ് ഇതിലൂടെ നടത്തുന്നത്.

ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക ഉപകരണങ്ങളുടെ സഹായം ഉറപ്പാക്കും.
സമഗ്രമായ ജലവിഭവ മാനേജ്‌മെന്റ് ലക്ഷ്യംവച്ചുള്ള 40 കോടിയുടെ ഹൈഡ്രോളജി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. ജലവിഭവ വിവരശേഖരണ സംവിധാനം, ജലവിഭവ വിവര സംവിധാനം, ആസൂത്രണവും നടപ്പാക്കലും, സ്ഥാപനശേഷി വർധിപ്പിക്കൽ എന്നിവയാണ് ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ജലവിഭവമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എൻജിനിയർമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS