തിരുവനന്തപുരം : കേരള ലോട്ടറിയെ ഇടനിലക്കാര്‍ക്കുള്ള ചൂതാട്ട വേദിയാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഭരണ–പ്രതിപക്ഷ ഭേദമില്ലാതെ ചെറുക്കാനാണ‌് തീരുമാനം. കേരള ലോട്ടറിയെ സംരക്ഷിക്കാന്‍ ഒരു മനസ്സായി പ്രവര്‍ത്തിക്കുമെന്ന‌് സംസ്ഥാന നിയമസഭയുടെ പ്രഖ്യാപനം.ലോട്ടറി സംരക്ഷണത്തിന‌് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ നിയമസഭയില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.ഇതിനായി ഡല്‍ഹിയിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ആശയവിനിമയത്തിന‌് ഒരുമിച്ച‌് പ്രവര്‍ത്തിക്കാനും സഭയിലെ കക്ഷികള്‍ തീരുമാനിച്ചു.
കേന്ദ്ര സർക്കാരിന്റെ നിലപാടിനു പിന്നിൽ വൻ കോഴ ; രമേശ് ചെന്നിത്തലലോട്ടറി ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ട‌് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം ഏകകണ‌്ഠമായാണ‌് സഭ അംഗീകരിച്ചത‌്. ജിഎസ‌്ടി കൗണ്‍സിലില്‍ അഭിപ്രായ സമന്വയമെന്ന സങ്കല്‍പ്പത്തെ തകിടം മറിക്കുന്ന നിലപാടാണ‌് ലോട്ടറിവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന‌് ധനമന്ത്രി തോമസ‌് ഐസക്കിന്റെ അഭിപ്രായത്തോട‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയും യോജിച്ചു. വന്‍ കോഴയാണ‌് കേന്ദ്ര സര്‍ക്കാര്‍ നിലപാടിനു പിന്നിലുള്ളതെന്ന‌് രമേശ‌് ചെന്നിത്തല ആരോപിച്ചു.
ലോട്ടറി മാഫിയക്ക‌് കേന്ദ്ര ഭരണത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവാണ‌് വിഷയം വീണ്ടും ജിഎസ‌്ടി കൗണ്‍സിലേക്ക‌് വരുന്നതെന്ന‌് കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. നിരക്ക‌് ഭേദഗതി സംസ്ഥാന ലോട്ടറിയെ തകര്‍ക്കും. കോടതി വഴിയുള്ള ശ്രമവും പരാജയപ്പെട്ടപ്പോഴാണ‌് ലോട്ടറി മാഫിയ വളഞ്ഞവഴി തേടുന്നതെന്ന‌് ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോട്ടറി ചൂതാട്ട മനോഭാവം കേരളത്തിലേക്കും വരും. ലോട്ടറി വരുമാനമില്ലാതാക്കി കേരളത്തെ ഞെക്കിക്കൊല്ലാനാണ‌് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന‌് സി എഫ‌് തോമസ‌് പറഞ്ഞു.
നികുതി ഏകീകരണ നീക്കത്തെ ചെറുക്കുന്നതില്‍ ധനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും പോരാട്ടവും അഭിനന്ദനാര്‍ഹമാണെന്ന‌് കെ എന്‍ എ ഖാദര്‍ പറഞ്ഞു. നികുതി ഏകീകരണനീക്കത്തിനു പിന്നില്‍ വലിയ അഴിമതി നടന്നുവെന്ന‌് വ്യക്തമാണെന്ന‌് കെ സുരേഷ‌് കുറുപ്പ‌് അഭിപ്രായപ്പെട്ടു. നിയമത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന മാഫിയക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന‌് വി ഡി സതീശന്‍ പറഞ്ഞു. പി സി ജോര്‍ജും പ്രമേയത്തെ അനുകൂലിച്ചു.