സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ തൊഴിൽ വകുപ്പിന് സാധിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ക്ഷേമം, തൊഴിൽ സുരക്ഷ, അവകാശങ്ങൾ എന്നിവ തൊഴിൽ വകുപ്പ് ഉറപ്പുവരുത്തണം. ഇതിനാവശ്യമായ സാഹചര്യം ഒരുക്കാനുള്ള ബാധ്യത ഓരോ ജീവനക്കാരനുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ലേബർ കമ്മീഷണറേറ്റിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിൽ വകുപ്പിലെ ഭൂരിപക്ഷം ജീവനക്കാരും മികച്ച പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ ചെറിയൊരു വിഭാഗം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.ചുവപ്പു നാടയിൽ കുരുങ്ങി ഒരു ഫയൽ പോലും തീർപ്പാകാത്ത സാഹചര്യം ഉണ്ടാകരുത്. ഫയലുകൾ തീർപ്പാക്കാൻ ഭരണതലത്തിൽ സഹായം ആവശ്യമുണ്ടെങ്കിൽ അതിനായി മന്ത്രിയുടെ ഓഫീസിൽ നിന്ന് സഹായം തേടാം. മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകും. എന്നാൽ അഴിമതിക്കാരോട് കർക്കശമായ സമീപനം സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
തൊഴിൽ തർക്കങ്ങളിൽ സമയബന്ധിതമായി ഇടപെട്ടു ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണം. അത്തരത്തിൽ പരിഹരിക്കാനാവാ ത്തവ ലേബർ കോടതികളുടെയോ ട്രിബ്യൂണലുകളുടെയോ പരിഗണനയ്ക്കു വിടണം.തൊഴിൽ വകുപ്പ് ഓഫീസുകളിൽ കൃത്യം ഇടവേളകളിൽ ഓഡിറ്റ് നടത്തി ന്യൂനതകൾ പരിഹരിക്കണം . അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തണം.
ഗുരുതര നിയമ ലംഘനം ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണം. ട്രേഡ്യൂണിയനുകൾ റഫറണ്ടത്തിന് സമർപ്പിക്കുന്ന അപേക്ഷകളിൽ കൃത്യ സമയത്തു തന്നെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനു ഫയൽ അദാലത്തു നടത്താനും മന്ത്രി നിർദേശിച്ചു.
ലേബർ കമ്മീഷണറേറ്റ് പൂർണമായും ഇ ഫയലിംഗ് സംവിധാനത്തിലേക്ക് മാറിയതിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു. ലേബർ കമ്മീഷണറേറ്റിന്റെ പുതുക്കിയ വെബ്‌സൈറ്റിന്റേയും പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായുള്ള ഓൺലൈൻ സംവിധാനമായ ഇന്റഗ്രേറ്റെഡ് കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റേയും ഉദ്ഘാടനവും നടത്തി. തൊഴിൽ വകുപ്പ് സെക്രെട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര തുടങ്ങിയവരും സംബന്ധിച്ചു.