കോഴിക്കോട് നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തെരുവുവിളക്കുകള്‍ നന്നാക്കാനും ജില്ലാ കലക്ടറുടെ ഉത്തരവ്.

135

കോഴിക്കോട് : ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും തുറന്ന മാന്‍ഹോളുകളും പൊട്ടിപ്പൊളിഞ്ഞ ഓടകളും കത്താത്ത തെരുവു വിളക്കുകളും അപകട ഭീഷണിയാകുന്നതും ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടറുടെ ഉത്തരവ്.

കോര്‍പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ജില്ലയിലെ റോഡുകളിലെ കുഴികള്‍ നികത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനടി നടപടിയെടുക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. നിഷ്‌ക്രിയത്വം മൂലം അപകടമുണ്ടായാല്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഐ.പി.സി, സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും.

ജില്ലയിലെ റോഡുകളിലെ കുഴികള്‍ നികത്താന്‍ പരിപാലനചുമതലയുള്ള എജന്‍സികളെ ഉദ്യോഗസ്ഥര്‍ ഉടന്‍ എര്‍പ്പാടാക്കണം. പരിപാലനചുമതലയുള്ള എജന്‍സികള്‍ ഇല്ലെങ്കില്‍ അംഗീകൃത എജന്‍സികളായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി, ജില്ലാ നിര്‍മിതി കേന്ദ്രം എന്നിവയെ ചുമതലപ്പെടുത്താം. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ താഴേതട്ടിലേക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പൊതുമരാമത്ത് റോഡുകള്‍, ദേശീയപാത വിഭാഗങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കോര്‍പറേഷന്‍, എന്നിവ കൈവശം വെക്കുന്ന റോഡുകളില്‍ ഗട്ടറുകളും അപകടകരമായ കുഴികളും ഇല്ലെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ഉറപ്പാക്കണം. ജെയ്ക, ജല അതോറിറ്റി എന്നിവ റോഡ് ജലവിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചിട്ടുണ്ടെങ്കില്‍, പണി പൂര്‍ത്തിയാക്കിയ ശേഷം റോഡിലെ കുഴികള്‍ മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

റോഡുകളില്‍ അപകടകരമായ കുഴികള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെ ഫോണില്‍ വിളിച്ച് അറിയിക്കാം. ഫോണ്‍ — 9446538900

കോര്‍പറേഷന്‍ പരിപാലിക്കുന്ന തെരുവു വിളക്കുകള്‍ ഉടന്‍ റിപ്പയര്‍ ചെയ്യാനും സ്വകാര്യ എജന്‍സികള്‍ക്ക് പരിപാലനചുമതലയുള്ളവ ഉടന്‍ നന്നാക്കുന്നതിന് വേണ്ട നിര്‍ദേശം നല്‍കാനും കലക്ടര്‍ ഉത്തരവിട്ടു.

ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കാലതാമസം പാടില്ലെന്നും എല്ലാ ദിവസവും ജില്ലാ കലക്ടര്‍ നേരിട്ട് പ്രവൃത്തികളുടെ പുരോഗതി പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ജില്ലയില്‍ കനത്ത മഴ; 17 വീടുകള്‍ ഭാഗികമായി തകര്‍ന്നുകനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ വിവിധയിടങ്ങളില്‍ പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുതിയങ്ങാടി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായി തകര്‍ന്നു. വടകര താലൂക്കില്‍ മരുതോങ്കര, വിലങ്ങാട്, കാവിലുംപാറ വില്ലേജുകളിലായി മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി വില്ലേജില്‍ മണ്ണിടിഞ്ഞ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടരഞ്ഞി വില്ലേജില്‍ മരം വീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495-2223088 (താമരശേരി), 0496-2522361 (വടകര), കലക്ട്രേറ്റ് 1077

NO COMMENTS