ഇടുക്കി: വട്ടവടയില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്‍റെ താക്കോല്‍ അഭിമന്യുവിന്‍റെ മാതാപിതാക്കള്‍ക്ക് കൈമാറും. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വീടിന്‍റെ താക്കോല്‍ദാന ചടങ്ങ് സിപിഎം വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ പങ്കെടുക്കും. ഇതിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.രണ്ട് പരിപാടികള്‍ക്കും ശേഷം വട്ടവടയില്‍ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി വൈകീട്ട് തൊടുപുഴയില്‍ നടക്കുന്ന എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കും. അഭിമന്യുവിന്റെ ഓര്‍മകള്‍ നിലനിര്‍ത്തി പാര്‍ട്ടി എല്ലാം ഒരുക്കുമ്ബോഴും അഭിയുടെ വേര്‍പാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.