യുവാക്കളുടെ കാര്യക്ഷമത കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് നവീകരിക്കണം

19

തിരുവനന്തപുരം : യുവാക്കളുടെ കാര്യക്ഷമത മാറിവരുന്ന കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് നവീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ പ്രവർത്തനം യുവാക്കൾക്ക് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ അറിവുകളും പരിശീലനങ്ങളും ലഭ്യമാക്കുന്ന കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളാണ് നേതാക്കളെ രൂപപ്പെടുത്തുന്നത്. പ്രതിസന്ധികൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്നതല്ല, അവയെ അതിജീവിച്ച് മുന്നോട്ടുപോകുന്നതാണ് കഴിവ്. ഏതുനേതാവിനും വേണ്ട കഴിവാണിത്. അതില്ലെങ്കിൽ സ്വയം തളർന്നുപോകും, ഒപ്പമുള്ളവരെയും തളർത്തും. അതിജീവിക്കാൻ പ്രാപ്തമാക്കലാണ് നേതൃത്വത്തിന്റെ ചുമതല. ഈ തത്വപ്രകാരമുള്ള നേതാക്കളെ കാര്യപ്രാപ്തിയോടെ, നേതൃത്വശേഷിയോടെ വളർത്തിയെടുക്കുകയാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ലക്ഷ്യം.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലം തൊട്ടേ നമ്മുടെ യുവതലമുറ ഊർജ്ജസ്വലത തെളിയിച്ചിട്ടുണ്ട്. അടുത്തകാലത്ത് പ്രളയക്കെടുതിയിലും പകർച്ചവ്യാധികളുടെയും മഹാമാരിയുടെയും പ്രതിരോധത്തിലും യുവതലമുറയുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും സന്നദ്ധതയും കാര്യക്ഷമതയും തെളിഞ്ഞതാണ്. ഈ കാര്യക്ഷമത മാറിവരുന്ന കാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് നവീകരിക്കുകയും പ്രൊഫഷണലൈസ് ചെയ്യുകയും വേണം.
സന്നദ്ധ യുവജനങ്ങളിൽ പലരും ജനപ്രതിനിധികളായി ഉയർന്നുവരാൻ സാധ്യതയുള്ളവരാണ്. അവരെ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവരാക്കണം. ഇതെല്ലാം മനസിൽവെച്ചാണ് ഇത്തരം അക്കാദമി ആലോചിച്ചത്.

ആധുനികത, പ്രൊഫഷണൽ മികവ്, മാനവികത, ശാസ്ത്രയുക്തിബോധം, ലിംഗനീതി, മതനിരപേക്ഷത, സമത്വഭാവം, നിർണായകഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവ്, പരിശോധനാത്മകമായ അപഗ്രഥന പാടവം തുടങ്ങിയവ ഉണ്ടാകണം. യുവനേതൃനിര ഉണ്ടാകണം. അവരാണ് ഭാവി സമൂഹത്തെ നയിക്കേണ്ടത്. അപ്പോഴേ നാടിന്റെ ഭാവി പ്രകാശപൂരിതമാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രകൃതിദുരന്തങ്ങളും മഹാമാരിയും നേരിട്ടപ്പോഴാണ് യുവാക്കളുടെ സന്നദ്ധസേന രൂപീകരിക്കണമെന്ന് തീരുമാനിച്ചത്. ജനസംഖ്യയിൽ നൂറുപേർക്ക് ഒരു സന്നദ്ധസേവകൻ എന്ന നിലയിൽ 3,43,000 പേർ അടങ്ങുന്ന സാമൂഹിക സന്നദ്ധസേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, 3,58,000 ഓളം സാമൂഹിക സന്നദ്ധസേവകർ മന്നോട്ടുവന്നു. നേതൃപരമായ പങ്ക് വഹിക്കാൻ നമ്മുടെ യുവതീയുവാക്കൾ സജ്ജരാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. ഇവർക്ക് പല കാര്യങ്ങളിലും നേതൃപരിശീലനം നൽകേണ്ടത് സർക്കാരിന്റേയും പൊതുസമൂഹത്തിന്റേയും ചുമതലയാണ്. ആ ചുമതല നല്ല രീതിയിൽ നിർവഹിക്കാൻ വിഭാവനം ചെയ്്ത പദ്ധതിയാണിത്.

അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഈ അധികാരങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ ഫണ്ടുകളും ആവശ്യമായ ജീവനക്കാരും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ പലരും യുവാക്കളാണ്. യുവതീയുവാക്കൾ ജനപ്രതിനിധികളാകാൻ സാധ്യതയുള്ളവരാണ്. ഇവർ ജനപ്രതിനിധികളാകുമ്പോൾ ഭരണകാര്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും നിയമങ്ങളിലും ആവശ്യമായ അറിവ് വേണം. ഉദ്യോഗസ്ഥ ഭരണം ജനാധിപത്യത്തിൽ ഒഴിവാക്കാൻ യൂത്ത് ലീഡർഷിപ്പ് അക്കാദമി സഹായിക്കും. അന്തർദേശീയ ദേശീയതലങ്ങളിലെ വിവിധ മേഖലകളിലെ അറിയപ്പെടുന്ന പണ്ഡിതർ അവരുടെ അറിവ് പങ്കുവെക്കാൻ അവസരം ഒരുക്കും.

കേവലം അക്കാദമിക് വിജ്ഞാനം പകർന്നുനൽകുകയല്ല അക്കാദമിയുടെ ഉദ്ദേശ്യം. വിജ്ഞാനവും വൈദഗ്ധ്യവും പ്രായോഗികതലത്തിൽ ഉപയോഗപ്പെടുത്താൻ പ്രാപ്തമായ പൊതുസമൂഹത്തെ വാർത്തെടുക്കുകയാണ് ഉദ്ദേശ്യം. നമ്മുടെ യുവതീയുവാക്കൾ ജനപ്രതിനിധികളാകുമ്പോൾ ഉദ്യോഗസ്ഥരെ നയിക്കുന്നവരാകണം. ബന്ധപ്പെട്ട വിഷയങ്ങളിലും ചട്ടങ്ങളിലും അറിവുള്ളവരാകണം. ഈ ലക്ഷ്യങ്ങളെല്ലാം അക്കാദമിയിലൂടെ സാധ്യമാകണം.
നമ്മുടെ യുവാക്കൾ ദുരന്ത പ്രതികരണത്തിൽ ആരുടേയും പ്രേരണയില്ലാതെ പ്രവർത്തിച്ചവരാണ്. ഈ ഊർജം നമുക്ക് എല്ലാകാലത്തും പ്രചോദനമാണ്. ദുരന്തപ്രതിരോധത്തിലും നമ്മെ ജാഗരൂകരാക്കുന്ന നില യുവാക്കളിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഇതിനുള്ള സമഗ്ര പരിപ്രേക്ഷ്യ നിർമാണവും അക്കാദമി ലക്ഷ്യമിടുന്നുണ്ട്. പ്രകൃതിസൗഹൃദവികസനം എങ്ങനെയായിരിക്കണമെന്ന് അവബോധം സൃഷ്ടിക്കലും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാതാരം കമൽഹാസൻ സംവദിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, കെ. രാജു, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ: വി.കെ. രാമചന്ദ്രൻ, കിഫ്ബി സി.ഇ.ഒ ഡോ. കെ. എം. എബ്രഹാം എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതവും യൂത്ത് ലീഡർഷിപ്പ് അക്കാദമി അമിത് മീണ നന്ദിയും പറഞ്ഞു.

NO COMMENTS