കണ്ണൂര്‍ : തളിപ്പറമ്ബ‌് പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിലെ 166–ാം ബൂത്തിലാണ‌് ഒമ്ബത‌് മുസ്ലീം ലീഗ‌് പ്രവര്‍ത്തകര്‍ കള്ളവോട്ട‌് ചെയ‌്തത‌്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ‌്തതായി കണ്ടെത്തി. പോളിങ‌് സ്‌റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുള്‍ സലാം, മര്‍ഷദ്, കെ പി ഉനിയാസ് എന്നിവര്‍ രണ്ടു തവണയും കെ മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുള്‍ സലാം, കെ പി സാദിഖ്, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചത്. ഈ പോളിങ‌് സ്‌റ്റേഷനിലെ 1249 വോട്ടുകളില്‍ 1036 എണ്ണം പോള്‍ ചെയ്തിരുന്നു.
ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ‌് ഓഫീസര്‍ ടിക്കറാം മീണ അറിയിച്ചു. ഒമ്ബത‌് യുഡിഎഫ‌്– മുസ്ലീം ലീഗ‌് പ്രവര്‍ത്തകരടക്കം പത്തുപേര്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശം നല്‍കി. കള്ളവോട്ടു നടക്കുന്ന വേളയില്‍ പോളിങ‌് ഏജന്റ് എതിര്‍പ്പറിയിച്ചെങ്കിലും പ്രിസൈഡിങ‌് ഓഫീസര്‍ ശക്തമായി ഇടപെടാന്‍ തയ്യാറായില്ലെന്ന‌് ടിക്കാറാം മീണ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുധാകരന്റേയും പോളിങ‌് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും റിട്ടേണിങ‌് ഓഫീസര്‍ക്കും പരാതി നല്‍കിയത്.
ഗള്‍ഫിലുള്ള ആളുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട‌് സമര്‍പ്പിച്ചു.ധര്‍മ്മടത്ത‌് ബൂത്ത് നമ്ബര്‍ 52ല്‍ സയൂജ് എന്നയാള്‍ രണ്ടിടത്ത‌് വോട്ട‌് ചെയ്തതായി കണ്ടെത്തി. രണ്ടിടത്തുമായി പത്ത‌് പേരെയാണ‌് തെളിവെടുപ്പിന‌് വിളിപ്പിച്ചത‌്. ഒമ്ബത‌് പേര്‍ ഹാജരായി. ആറു പേര്‍ കുറ്റം സമ്മതിച്ച‌് മാപ്പ‌് അഭ്യര്‍ഥിച്ചു. മൂന്ന‌് പേര്‍ കുറ്റം നിഷേധിച്ചു. ഒരാള്‍ ഹാജരായില്ല. കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ‌് ഓഫീസര്‍, പോളിങ‌് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.