ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നെന്ന അമേരിക്കന്‍ ഹാക്കറുടെ ആരോപണത്തിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച “ഹാക്കത്തോണ്‍’ എന്ന പരിപാടിക്കിടെയാണ് സയ്യിദ് ഷൂജ എന്നയാള്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. തിരഞ്ഞെടുപ്പ് യന്ത്രം ഹാക്ക് ചെയ്യാനുള്ള ലോ ഫ്രീക്വന്‍സി സിഗ്നലുകള്‍ റിലയന്‍സിന്‍റെ ജിയോയാണ് നല്‍കിയതെന്നും ഹാക്കിങ്ങിനെ കുറിച്ച് അറിയാമായിരുന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നും ഷൂജ പറഞ്ഞിരുന്നു.