ന്യൂയോര്‍ക്: അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം. ഏപ്രില്‍ നാലിന് ദന്തരോഗ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് വാങ്ങി ഉപയോഗിച്ച ഡെനിസ് സാല്‍ദേത് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.
ഏപ്രില്‍ നാലിനാണ് അമ്മ മോണിക്കയും അച്ഛന്‍ ജോസ് സാല്‍ദേതിനുമൊപ്പം ഇവര്‍ ഡോക്ടറെ കാണാനെത്തിയത്. പല്ലിലെ കറുത്ത പാടുകള്‍ മായ്ക്കാന്‍ മില്‍ക് പ്രോട്ടീന്‍ അടങ്ങിയ ടൂത്ത്പേസ്റ്റ് നല്ലതാണെന്ന് ഡോക്ടറാണ് പറഞ്ഞത്. എംഐ പേസ്റ്റ് വണ്‍ എന്ന ബ്രാന്റാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മകള്‍ക്ക് ആസ്തമ രോഗം ഉണ്ടായിരുന്നതിനാല്‍ ഡെനിസ് ഉപയോഗിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഏപ്രില്‍ നാലിന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പെണ്‍കുട്ടി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചത്. തനിക്ക് മാത്രമായി ടൂത്ത്പേസ്റ്റ് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പെണ്‍കുട്ടി. പേസ്റ്റ് ഉപയോഗിച്ച ഉടന്‍ പെണ്‍കുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലായി. മോണിക്ക ഉടനേ തന്നെ 911 നമ്ബറില്‍ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെട്ടു. ഇതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ശ്വാസം കിട്ടാന്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നു. വേഗത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ടൂത്ത്പേസ്റ്റില്‍ ഉപയോഗിച്ചിരുന്ന മൂലകങ്ങള്‍ ഏതെന്ന് നോക്കാതിരുന്നത് തന്റെ തെറ്റായിരുന്നുവെന്ന് സ്വയം പഴിക്കുകയാണ് മോണിക്ക. മകളുടെ മരണത്തില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് അച്ഛനും അമ്മയും.