എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി – പോലീസ് ജനങ്ങളോടൊപ്പമെന്ന സന്ദേശമാണിതെന്ന് മുഖ്യമന്ത്രി.

111

തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലീസ് കാഴ്ചവെച്ചത് മഹത്തായ രക്ഷാപ്രവർത്തനമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്ത മേഖലകളിൽ മറ്റ് ഏജൻസികളോടൊപ്പം കേരള പോലീസ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് ഏകീകൃത സ്വഭാവം കൈവരികയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് കേരളാ പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് കാണിക്കുന്നത്. ജനങ്ങളോടൊപ്പം എല്ലാ കാര്യത്തിനും പോലീസ് ഉണ്ടെന്ന സന്ദേശമാണ് ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയിലൂടെ പോലീസ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കകാലത്ത് കേരളാ പോലീസ് നടത്തിയ രക്ഷാ-ദുരിതാശ്വാസപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുസ്തകം ഏതാനും മത്സ്യത്തൊഴിലാളികൾക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രളയകാലത്ത് നൽകിയ സേവനത്തിന് അവരെ ആദരിക്കുകയാണ് ഇതുവഴി പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം വ്യാഴാഴ്ച മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി. 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ കൺട്രോൾ റൂം തയ്യാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതിയാകും.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.
സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാൻഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കൺട്രോൾ സെന്ററുകൾ മുഖേന കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. സി-ഡാക്ക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി.

NO COMMENTS