കോഴിക്കോട് : ദുരിതാശ്വാസകേന്ദ്രങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് 19 സപ്ലൈകോ ജീവനക്കാരെ കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് നിയോഗിച്ചു. ഇവര്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സപ്ലൈകോ മേഖലാ മാനേജര്‍ അറിയിച്ചു.
ഓപ്പറേഷന്‍ നവജീവന്‍ – മെഡിക്കല്‍ ക്യാമ്പ് ദുരിതാശ്വാസ ക്വാമ്പുകളില്‍
ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ഓപ്പറേഷന്‍ നവജീവന്‍ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീമിനോടൊപ്പം സ്വകാര്യ ആശുപത്രികള്‍, ഐ.എം.എ, ഐ.എ.പി , എയഞ്ചല്‍സ് എന്നിവരും മറ്റ് സന്നദ്ധ സംഘടനകളും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അതാത് പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി ഏകോപിപ്പിച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടത്തേണ്ടത്.
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുവാദമില്ലാതെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ പാടില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ഫോണ്‍ നമ്പര്‍ 0495-2374700, 0495-2376063) ജനങ്ങള്‍ക്ക് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്കോ ക്യാമ്പുകളില്‍ മരുന്നിനോ മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ക്കോ ഈ നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വടകര താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ – ക്യാമ്പ് സന്ദര്‍ശിച്ചു
വടകര താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍ അടങ്ങുന്ന സംഘം രണ്ട് ദിവസങ്ങളിലായി പരീഷ്ഹാള്‍ വിലങ്ങാട്, കുമ്പളച്ചോല എല്‍.പി.എസ്, ജെ.എന്‍.എം ജിഎച്ച്എസ്എസ് പുതുപ്പണം, മണിയൂര്‍ അട്ടക്കുണ്ട് മദ്രസ്സ, ഈര്‍ക്കോടി എല്‍.പി സ്‌കൂള്‍, ചെരണ്ടത്തൂര്‍ എല്‍.പി സ്‌കൂള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അരി, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍, വെളിച്ചെണ്ണ കൂടാതെ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, സോപ്പ് പൊടി, ബാര്‍സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, ബക്കറ്റ് എന്നിവയും നല്‍കി. എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിട്ട ചെരണ്ടത്തൂര്‍ എല്‍ പി സ്‌കൂളില്‍ തിരുവളളൂര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും അടിയന്തിരമായി എത്തിച്ചുനല്‍കി. കൂടാതെ താലൂക്കിലെ വിവിധ പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ കരുതല്‍ സ്റ്റോക്ക് സാധാരണ വില്‍പനക്ക് തടസ്സമില്ലാതെ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു.