പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു.

258

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു. രാത്രി ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 63 വയസായിരുന്നു. മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകളില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു അഷിതക്ക്.

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസില്‍ നിന്നും അഷിത ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. വിവര്‍ത്തന സാഹിത്യത്തില്‍ മലയാളത്തിന് പകരംവയ്ക്കാനാവാത്ത പ്രതിഭയായിരുന്നു അഷിത.
റഷ്യന്‍ നാടോടിക്കഥകളും കവിതകളും മലയാളത്തിലേക്ക് തനിമ ചോരാതെ എത്തിയത് അഷിതയിലൂടെയായിരുന്നു. വിസ്മയചിത്രങ്ങള്‍,അപൂര്‍ണവിരാമങ്ങള്‍,നിലാവിന്‍റെ നാട്ടില്‍, ഒരു സ്തീയും പറയാത്തത്, അഷിതയുടെ കഥകള്‍, പദവിന്യാസങ്ങള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അലക്സാണ്ട‍ര്‍ പുഷ്കിന്‍റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

NO COMMENTS