ന്യൂഡല്‍ഹി: ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പ് ഫെബ്രുവരി 18ന് നടക്കാനിരിക്കെ എങ്ങനേയും ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറാനുള്ള തന്ത്രങ്ങളൊരുക്കുയാണ് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ വസതിയില്‍ ചേര്‍ന്ന കോര്‍ഗ്രൂപ്പ് യോഗത്തില്‍ ഇതിനായുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെ മല്‍സരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
45-ല്‍ അധികം പുതുമുഖങ്ങളെ മല്‍സരിപ്പിക്കാനാണ് ബിജെപി തീരുമാനം. ഇതില്‍ സിറ്റിംഗ് എംപിമാരുമുണ്ട്. സ്ഥാനാര്‍ഥികള്‍ ആരൊക്കെയാവണമെന്ന വിശദമായ ചര്‍ച്ചകള്‍ കോര്‍ കമ്മറ്റി മീറ്റിംഗിലുണ്ടായി. ഇതില്‍ ഉടന്‍ തീരുമാനമെടുക്കാനും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുമാണ് അമിത്ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആംആദ്മി പാര്‍ട്ടിയുടെ മികച്ച ജനപിന്തുണയാണ് ബിജെപിയെ അലട്ടുന്ന പ്രശ്നം. സൗജന്യ വെള്ളം, വൈദ്യതിയിലെ സബ്സിഡി തുടങ്ങി ജനോപകാരപ്രദമായ ഒട്ടറെ പദ്ധതികളാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇതിനെയൊക്കെ മറികടക്കാന്‍ മികച്ച സ്ഥാനാര്‍ഥികള കൊണ്ടുവരാനാണ് ബിജെപി നീക്കം. ഒപ്പം മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും ജനങ്ങളിലെത്തിക്കും.
കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടിലൂടെ ആം ആദ്മി പാര്‍ട്ടി വോട്ടില്‍ വിള്ളലുണ്ടാക്കാമെന്നും അങ്ങനെ പല മണ്ഡലങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നുമാണ് ബിജെപി കരുതുന്നത്. വോട്ടര്‍മാരിലെ 13 ശതമാനം മുസ്ലിങ്ങളാണ്. അവരുടെ നിലപാടും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. പൗരത്വബില്ലിനെതിരേ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതികരിക്കാത്തത് മുസ്ലിം സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് ഫലത്തില്‍ കോണ്‍ഗ്രസിനായിരിക്കും ഗുണം ചെയ്യുക.
ആം ആദ്മി പാര്‍ട്ടി ശക്തമായ പ്രചരണങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് ആവട്ടെ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലും. ഇതിനടിയില്‍ പ്രതികൂല സാഹചര്യത്തിലും എങ്ങനേയും ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം.