പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള : സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ

156

കൊച്ചി : ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കും. സെപ്റ്റംബര്‍ 28ന വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ടൗണ്‍ഹാളിലെ രണ്ട് സ്‌ക്രീനിലായി ഇരുന്നൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘അസഹിഷ്ണുതയുടെ കാലം, സെന്‍സര്‍ ചെയ്യപ്പെട്ട മനസ്സുകള്‍’ എന്ന വിഷയത്തില്‍ ഇത്തവണത്തെ ജോണ്‍ അബ്രഹാം സ്മാരക പ്രഭാഷണം ശ്രീ. രാകേഷ് ശര്‍മ്മയാണ് നടത്തുന്നത്.മത്സരവിഭാഗത്തിലും ഫോക്കസ് വിഭാഗത്തിലുമായി ഇന്ത്യയിലെ 25 ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഈ മേളയിലുണ്ടാകുമെന്ന് സൈന്‍സ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ ആര്‍ മോഹനന്‍ അറിയിച്ചു. ഡോക്യുമെന്ററി, ഹ്രസ്വചിത്രവിഭാഗങ്ങളില്‍ ദേശീയതലത്തിലുള്ള മത്സരവിഭാഗങ്ങള്‍ക്കു പുറമെ രാകേഷ് ശര്‍മ്മ, പ്രമോദ് പതി തുടങ്ങിയവരുടെ റിട്രോസ്‌പെക്ടീവുകള്‍, അബ്ബാസ് കിയറസ്‌റ്റൊമി, മഹാശ്വേതാദേവി, ബാലകൈലാസം എന്നിവര്‍ക്കുള്ള ശ്രദ്ധാഞ്ജലി, ഡോക്യുമെന്ററികളും ഗ്രസ്വചിത്രങ്ങളുമടങ്ങിയ ഫോക്കസ് വിഭാഗം, ഇന്ത്യയിലെ പ്രഗല്‍ഭരായ ചലച്ചിത്രകാരന്മാരെക്കുറിച്ചുള്ള ദീര്‍ഘഡോക്യുമെന്ററികള്‍, ആര്‍ട്ടിസ്റ്റ്‌സ് സിനിമ, ഹ്രസ്വചിത്രങ്ങളുടെ ഒരു അന്തര്‍ദ്ദേശീയ പാക്കേജ്, തുടങ്ങിയവയാണ് മേളയിലെ മുഖ്യാകര്‍ഷണങ്ങള്‍. ലളിത കലയും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതിനാല്‍ തന്നെ സൈന്‍സുമായി സഹകരിക്കുന്നതില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന് സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗം ബോണി തോമസ് പറഞ്ഞു.ഇന്ത്യയിലെമ്പാടും നിന്നുള്ള ചലച്ചിത്രകാരന്മാര്‍ മേളയില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകള്‍, ചലച്ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓപ്പണ്‍ ഫോറം തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ടാകും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.ഏറ്റവും നല്ല ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനുമുള്ള ജോണ്‍ അബ്രഹാം പുരസ്‌ക്കാരം, സിനിമ ഓഫ് റെസിസ്റ്റന്‍സ്, സിനിമ എക്‌സ്പിരിമെന്റ എന്നിവയ്ക്കു പുറമെ മേളയിലുള്ള ഏറ്റവും നല്ല മലയാള ഡോക്യുമെന്ററിക്കും ഹ്രസ്വചിത്രത്തിനും കേരളത്തിന്റെ ഫിലിം സൊസൈറ്റികളുടെ പ്രതിനിധികളടങ്ങുന്ന ജൂറി നല്‍കുന്ന ‘എഫ് എഫ് എസ് ഐ’ പുരസ്‌ക്കാരവും മേളയില്‍ ഇത്തവണയുണ്ടായിരിക്കും. ജോണ്‍ അബ്രഹാം പുരസ്‌ക്കാരനിര്‍ണയ ജൂറിയെ ഈ വര്‍ഷം നയിക്കുന്നത് പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രാകേഷ് ശര്‍മ്മയാണ്. പ്രേമേന്ദ്ര മജുംദാര്‍, ഫൌസിയ ഫാത്തിമ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.വാര്‍ത്താസമ്മേളനത്തില്‍ കെ ജി മോഹന്‍കുമാര്‍ (കോ ഓര്‍ഡിനേറ്റര്‍ സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍), വി കെ ജോസഫ് (സെക്രട്ടറി, എഫ് എഫ് എസ് ഐ) എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY