ജിദ്ദ : ഉംറ തീര്‍ഥാടനം പുനരാരംഭിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം ഞായറാഴ്ച പുണ്യഭൂമിയിലെത്തും. വിമാന മാര്‍ഗം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തി ലെത്തിച്ചേരുന്ന സംഘത്തെ സ്വീകരിക്കാന്‍ ഹജ്ജ്-ഉംറ ടെര്‍മിനലില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നു ദിവസം ഹോട്ടലുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമായിരിക്കും ഉംറ നിര്‍വഹിക്കാന്‍ അവസരമുണ്ടാവുക. 18നും 50നും ഇടയില്‍ പ്രായമുള്ള വിദേശ തീര്‍ഥാടകര്‍ക്ക് മാത്രമാണ് മൂന്നാം ഘട്ടത്തില്‍ ഉംറ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതിനു മുമ്ബ് രോഗമുക്തരാണെന്ന് തെളിയിക്കുന്ന പി സി ആര്‍ ടെസ്റ്റ് ചെയ്ത റിപ്പോര്‍ട്ടും കൈയില്‍ കരുതണം.
മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സര്‍വീസ് സേവന കമ്ബനികളുടെ നേതൃത്വത്തില്‍ 50 പേര്‍ വീതമുള്ള സംഘങ്ങളായാണ് ഹറമിലെത്തുക. ഉംറ തീര്‍ഥാടനം കഴിഞ്ഞ് രാജ്യത്ത് നിന്ന് മടങ്ങുന്നത് വരെ മുഴുവന്‍ സേവനങ്ങളും കമ്ബനികളാണ് നല്‍കുക.