ആലപ്പുഴ: മറുനാടന്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കും ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കുമായി ജില്ലയിലെ ആദ്യ മൊബൈല്‍ ക്രഷ് ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ അരൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് മൊബൈല്‍ ക്രഷിന്റെ പ്രവര്‍ത്തനം.
കുഞ്ഞുങ്ങളുടെ സംരക്ഷണവും പോഷണവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന മൊബൈല്‍ ക്രഷ് പദ്ധതി മറുനാടന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകും.
തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് പകല്‍സമയത്ത് സുരക്ഷിതമായ പരിചരണം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോലിക്ക് പോകുന്നവര്‍ക്കിനി കുഞ്ഞുങ്ങളെയും കൂട്ടി തൊഴിലിടങ്ങളിലേക്ക് പോകേണ്ട. മാതാപിതാക്കള്‍ മടങ്ങിയെത്തുന്നതുവരെ കുട്ടികളെ സംരക്ഷിക്കാനും പരിചരിക്കാനുമുള്ള സൗജന്യ സേവനപദ്ധതിയാണിത്.
ആലപ്പുഴയിലെ അതിര്‍ത്തി ഗ്രാമമായ അരൂര്‍ എറണാകുളം ജില്ലയോട് ഏറെ അടുത്ത് നില്‍ക്കുന്ന പ്രദേശമാണ്.
നിരവധി മത്സ്യകമ്പനികളും ഇവിടെയുണ്ട്. അന്യ നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമെന്ന രീതിയിലാണ് അരൂരില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ക്രഷിലേക്ക് നാല് ജീവനക്കാരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാനുള്ള വാഹനവും ഇവിടെ സജ്ജമാക്കും.
രാവിലെ മുതല്‍ വൈകിട്ട് വരെ ആറുവയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ സംരക്ഷണം നല്‍കുന്നത്. പോഷക സമ്പന്നമായ ഭക്ഷണവും ഇവിടെ നിന്നും നല്‍കും. രണ്ട് ഷിഫ്റ്റിലായി നാല് ജീവനക്കാരാണ് കുട്ടികളെ ശുശ്രൂഷിക്കുന്നത്.
കൈക്കുഞ്ഞുങ്ങള്‍ക്കായി ആട്ടുതൊട്ടിലുമുണ്ട്.
കുഞ്ഞുങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മൊബൈല്‍ ക്രഷില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുനിത ക്ഷപാകരന്‍ പറഞ്ഞു. ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ ടി.വി മിനിമോള്‍, ബ്ലോക്ക് ലെവല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ യു.ജെ ശില്‍പ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. അരൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് അംഗം മേരി ട്രീസയും പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.