അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് തുടങ്ങും

21

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഒക്ടോബർ 15ന് ആരംഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അഖിൽ സി. ബാനർജി ഉടൻ സ്ഥാനമേറ്റെടുക്കും. കോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്‌സ്, കാർബൺ ഡയോക്‌സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തർദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവർത്തനങ്ങളും ഏറ്റെടുക്കും. നിലവിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ തീരുമാനം. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.

മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ഡയറക്ടർക്ക് പുറമെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സയന്റിസ്റ്റ്-എഫ്, സയന്റിസ്റ്റ് ഇ-2, സയന്റിസ്റ്റ് സി, ടെക്‌നിക്കൽ ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ 18 പുതിയ തസ്തികകൾ സർക്കാർ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങൾ ആസ്പദമാക്കി എട്ട് സയന്റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിർണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കൽ വൈറോളജിയും വൈറൽ ഡയഗനോസ്റ്റിക്‌സുമാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്ന രണ്ടു വിഭാഗങ്ങൾ. ഇതോടൊപ്പം ബി.എസ്.എൽ 3 ലബോറട്ടറി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മറ്റു വിഭാഗങ്ങൾ ആദ്യ ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങൾ പ്രവർത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദസർക്കാർ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് പ്രവർത്തിക്കും. അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ വൈറോളജി ഗവേഷണ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിനുള്ള അവസരവും ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിക്കും.

ഇതുവഴി രോഗനിർണയത്തിനും ഗവേഷണത്തിനും കൂടുതൽ സാധ്യതകളാണ് വഴി തുറക്കുന്നത്. വൈറൽ വാക്സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി വെക്ടർ ഡൈനാമിക്സ് ആൻഡ് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ വൈറോളജി തുടങ്ങിയ ഗവേഷണ വിഭാഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാവും.

NO COMMENTS