കണ്ണൂർ : 2019 ആഗസ്തിലുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള അടിയന്തര ധനസഹായം സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. ജില്ലയിലെ 5659 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം ലഭിക്കുക. ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീടുകള്‍ തകരുകയും വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കാണ് അടിയന്തര ധനസഹായമായി 10000 രൂപ വീതം നല്‍കുന്നത്.
തളിപ്പറമ്പ് താലൂക്കില്‍ 2590 കുടുംബങ്ങളും തലശ്ശേരി 1187, ഇരിട്ടി 1022, പയ്യന്നൂര്‍ 708, കണ്ണൂര്‍ 152 കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നു. ഇതിനു പുറമെ, വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറി താമസിച്ചവര്‍ക്കും രണ്ടാംഘട്ടത്തില്‍ 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. 16000 കുടുംബങ്ങള്‍ ഈ രീതിയില്‍ ബന്ധുവീടുകളില്‍ കഴിഞ്ഞതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
അന്തിമ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് ഇവര്‍ക്കും ധനസഹായം അനുവദിക്കും. ധനസഹായത്തിന് അര്‍ഹരായവരുടെ ഗുണഭോക്താക്കളുടെ താലൂക്ക് തല പട്ടിക റവന്യൂ സെക്രട്ടേറിയറ്റിലേക്ക് അയച്ചു നല്‍കി അവിടെ നിന്ന് നേരിട്ടാണ് അക്കൗണ്ടുകളിലേക്ക് പണം നല്‍കുന്നത്. പ്രളയത്തില്‍ വെള്ളം കയറിയ കടകളില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.