വികസനത്തുടർച്ച കേരളത്തിന്റെ ഭാവിയുടെ അനിവാര്യത : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

24

കേരളം കൈവരിച്ച വികസന നേട്ടങ്ങളുടെ തുടർച്ച നാടിന്റെ ഭാവിയുടെ അനിവാര്യതയാണെന്നു സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സുസ്ഥിര വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ ഒരാളെപ്പോലും ഒഴിവാക്കാത്ത വികസന പദ്ധതിയാണ് സർക്കാർ നിർവഹിച്ചതെന്നു മന്ത്രി പറഞ്ഞു. സമൂഹത്തിലെ ഓരോ പൗരനും മാറ്റങ്ങൾ അനുഭവവേദ്യമാണ്. സർക്കാരിനെ എതിർക്കുന്നവർപോലും തലകുലുക്കി സമ്മതിക്കുന്ന കാര്യമാണിത്. ജനാധിപത്യ സംവിധാനത്തിൽ ഭരിക്കുന്ന സർക്കാരിനോട് പ്രതിപക്ഷ എതിർപ്പും വാഗ്‌പോലും സ്വാഭാവികമാണ്. ഈ എതിർപ്പുകൾക്കും വാഗ്വാദങ്ങൾക്കുമിടയിലും കേരളമാകെ ഉണ്ടായിട്ടുള്ള വികസന മുന്നേറ്റത്തെക്കുറിച്ച് ആർക്കും ആക്ഷേപമില്ല. അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക, സാമ്പത്തിക വളർച്ച കൈവരിക്കാൻ മഹാഭൂരിപക്ഷത്തിനും സൗകര്യമൊരുക്കുക, വ്യാവസായിക രംഗത്തെ വികസനം ത്വതിതപ്പെടുത്തുക തുടങ്ങിയവയിലെല്ലാം വളരെ മുന്നോട്ടുപോകാൻ കേരളത്തിനു കഴിഞ്ഞു.

ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ചിട്ടുള്ള 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറെ ദൂരം മുന്നോട്ടുപോകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വികസന യാത്രയിൽ വരുന്ന പത്തു വർഷങ്ങൾ നിർണായകമാണ്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളുടെ സഹകരണത്തോടെ ഈ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ(കില) എന്നിവരുടെ സഹകരണത്തോടെയാണു പി.ആർ.ഡി. സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ തുടങ്ങിയവർ പങ്കെടുത്തു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ – 2030 പ്രാദേശിക വികസന അജണ്ട എന്ന വിഷയത്തിൽ കില റിസേർച്ച് അസോസിയേറ്റ് ആർ.വി. രാജേഷ് ക്ലാസെടുത്തു. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS