പ്രേമിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് ആണായി മാറിയപ്പോള്‍ പെണ്‍കുട്ടി നിലപാട് മാറ്റി .

146

കോഴിക്കോട്: പ്രേമിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് ആണായി മാറിയപ്പോള്‍ സ്നേഹിച്ച പെണ്‍കുട്ടി നിലപാട് മാറ്റിയതിനാല്‍ ചതിക്കപ്പെട്ടിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അര്‍ച്ചനാ രാജ്. രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തിയാണ് അര്‍ച്ചന ദീപു ആര്‍ ദര്‍ശനായത്. എന്നാല്‍ ആ ശസ്ത്രക്രിയയുടെ ലക്ഷ്യം പാഴായി. സ്‌നേഹിച്ച വടകര സ്വദേശിനി കാലുമാറി. കോഴിക്കോട് ഒരേ കമ്പനിയിലെ വ്യത്യസ്ത ശാഖകളില്‍ ജോലി ചെയ്തവരായിരുന്നു അര്‍ച്ചനയും വടകര സ്വദേശിയായ പെണ്‍കുട്ടിയും. 2017 നവംബറില്‍ കോഴിക്കോട്ട് നടന്ന കമ്ബനി മീറ്റിംഗിലാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ സൌഹൃദമായി. ഇതിനിടെഅര്‍ച്ചനയുടെ വിവാഹം നടന്നെങ്കിലും ആ ബന്ധം അധികനാള്‍ നിലനിന്നില്ല. പിന്നീട് ഒരേ ശാഖയിലേക്ക് ഇരുപേരും എത്തി.

കൂട്ടുകാരിക്ക് വിവാഹാലോചനകള്‍ വന്നതോടെ താനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ പറയുകയായിരുന്നെന്ന് ദീപു പറയുന്നു. ദീപു എന്ന പേര് നിര്‍ദേശിച്ചതും കൂട്ടുകാരി തന്നെയായിരുന്നു. ഒരുമിച്ച്‌ ജീവിക്കുന്നതിനായി അര്‍ച്ചന ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു.

കൂട്ടുകാരിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താല്‍പര്യപ്രകാരം രണ്ട് ലക്ഷം രൂപ ചെലവഴിച്ച്‌ ശസ്ത്രക്രിയ നടത്തി അര്‍ച്ചന ദീപുവായി മാറി.ശസ്ത്രക്രിയയുടെ കാര്യം വീട്ടില്‍ അച്ഛന്‍റെ സഹോദരന് മാത്രമേ അറിയുകയുള്ളുവായിരുന്നു. തന്നെ കെട്ടിയില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി പറഞ്ഞിട്ടാണ് ഇളയച്ചന്‍ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു.

ഒക്ടോബര്‍ 24ന് ചൈന്നെയില്‍ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു. ചെന്നൈ വെങ്കിടേശ്വര ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഇതു കഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കൂട്ടുകാരി അവഗണിക്കാന്‍ തുടങ്ങി. ദീപു സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കൂട്ടുകാരി ബന്ധം നിരസിച്ചു.

കോടതിയിലും പൊലീസിലും ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്. വാട്‌സാപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്‌തെങ്കിലും കൂട്ടുകാരി കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നുവെന്ന് ദീപു വ്യക്തമാക്കി.

ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ വീണ്ടും സ്ത്രീയാകുവാന്‍ കഴിയില്ല, ദീപുവായി ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ലോകമറിയണമെന്നാണ് പറയുന്നത്.സാധാരണ പെണ്‍കുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോള്‍ ട്രാന്‍സ്‌ജെന്ററായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

NO COMMENTS