തിരുവനന്തപുരം: മാര്‍ക്ക് ദാനം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സര്‍വകലാശാലയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സിന്‍ഡിക്കേറ്റിന്റെ തലയില്‍ കെട്ടിവച്ച് മന്ത്രി കെ.ടി.ജലീലിനു തലയൂരാന്‍ പറ്റില്ലെന്നും വിസിയാണ് തെറ്റുകാരനെങ്കില്‍ അദ്ദേഹത്തെ മാറ്റാന്‍ തയാറാകുമോയെന്ന് മന്ത്രിയോട് പ്രതിപക്ഷ നേതാവ് ചെന്നിത്തല മന്ത്രിയെ വെല്ലുവിളിച്ചു.
മാർക്ക് വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ഏഴു ചോദ്യവും മന്ത്രിയോട് ചെന്നിത്തല ചോദിച്ചു. മര്യാദയ്ക്ക് പഠിച്ച് വിജയിക്കുന്ന വിദ്യാര്‍ഥികളെ കൊഞ്ഞണം കുത്തുന്നതാണ് മന്ത്രിയുടെ നിലപാട്. വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് കൂട്ടിയത്. വിസിയാണ് തെറ്റുകാരനെങ്കില്‍ അന്വേഷണം നടത്തി പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുമോയെന്നും ചെന്നിത്തല മന്ത്രിയെ വെല്ലുവിളിച്ചു.
എംജി സര്‍വകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയില്‍ മാര്‍ക്ക് ദാനം നടത്താന്‍ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ മന്ത്രി പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ കണ്ടത്.